എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: പീഡന കേസില്‍ പ്രതിയായ പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്കാണ് സസ്‌പെന്റ് ചെയ്തത്. വിഷയത്തില്‍ എല്‍ദോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് പാര്‍ട്ടി നടപടി.

കഴിഞ്ഞദിവസം, പാര്‍ട്ടിക്ക് എല്‍ദോസ് വിശദീകരണം നല്‍കിയിരുന്നു. താന്‍ നിരപരാധിയെന്നും ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു എല്‍ദോസിന്റെ വിശദീകരണം. കേസ് രാഷ്ട്രീയ പ്രേരിതമാണ്. പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കും മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറാവണമെന്ന് എല്‍ദോസ് കെപിസിസിക്ക് നല്‍കിയ വിശദികരണത്തില്‍ പറയുന്നു. വക്കീല്‍ മുഖേനയൊണ് എല്‍ദോസ് വിശദീകരണം നല്‍കിയത്.

ഒരു പിആര്‍ ഏജന്‍സി എന്ന നിലയിലാണ് യുവതിയെ പരിചയപ്പെടുന്നത്. തനിക്കെതിരെ യുവതി നല്‍കിയ ബലാത്സംഗ പരാതി തീര്‍ത്തും വ്യാജമാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിശദീകരണത്തില്‍ പറയുന്നു. തനിക്കെതിരായ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ല. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനാകുമെന്നും വിശദീകരണക്കുറിപ്പില്‍ പറുയുന്നു.