സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍, നേരിട്ട് ടെലിവിഷന്‍ ചാനല്‍ നടത്തുന്നതിന് വിലക്ക്

ദില്ലി : സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ ഇനി മുതല്‍ നേരിട്ട് ടെലിവിഷന്‍ ചാനല്‍ നടത്തരുതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

നിലവിലുള്ള ചാനല്‍ പ്രക്ഷേപണം പ്രസാര്‍ ഭാരതി വഴിയാക്കണമെന്നാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തിലുള്ളത്. 2023 ഡിസംബറോടെ പൂര്‍ണ്ണമായും സംസ്ഥാനങ്ങള്‍ ചാനല്‍ പ്രക്ഷേപണത്തില്‍ നിന്നും പിന്മാറണമെന്നും വാര്‍ത്ത വിതരണ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിനടക്കം നടപടി ബാധകമായേക്കുമെന്നാണ് സൂചന. തമിഴ്നാട് സര്‍ക്കാരിന്റെ വിദ്യാഭ്യാസ ചാനലായ കാല്‍വി ടിവി, ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ ഐപി ടിവി എന്നിവയെയും നടപടി ബാധിച്ചേക്കും. കൊവിഡ് കാലത്ത് വിദ്യാലയങ്ങള്‍ അടച്ചതോടെ, കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ ചാനലുകളിലൂടെയായിരുന്നു കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ മന്ത്രാലയങ്ങള്‍ക്ക് ഇനി ബ്രോഡ്കാസ്റ്റിംഗ് മേഖലയിലേക്ക് കടക്കാന്‍ അനുമതിയില്ലെന്നും നിലവിലുള്ള ചാനല്‍ പ്രക്ഷേപണം പ്രസാര്‍ ഭാരതി വഴിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.