ഹെലികോപ്റ്റര്‍ അപകടം: കൊല്ലപ്പെട്ട മലയാളി സൈനികന്‍ അശ്വിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിച്ചേക്കും

കാസര്‍കോട്: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട മലയാളി സൈനികന്‍ അശ്വിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിച്ചേക്കും. എത്രയും വേഗം നാട്ടില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍ പറഞ്ഞു. അശ്വിന്റെ വേര്‍പാടില്‍ ദുഖത്തിലാണ് കാസര്‍കോട് ചെറുവത്തൂര്‍ കിഴക്കേമുറി നിവാസികളും സുഹൃത്തുക്കളും ബന്ധുക്കളും.

ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെവി അശ്വിന്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വിവരം ഇന്നലെ വൈകുന്നേരമാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. നാല് വര്‍ഷം മുമ്ബാണ് ഈ യുവാവ് സൈന്യത്തില്‍ ചേര്‍ന്നത്. ഇലക്‌ട്രോണിക് ആന്‍ഡ്‌ മെക്കാനിക്കല്‍ വിഭാഗം എഞ്ചിനീയറായിരുന്നു ഇദ്ദേഹം.

ഓണം ആഘോഷിക്കാനായി നാട്ടിലെത്തിയ അശ്വിന്‍ ഒരു മാസം മുന്‍പാണ് തിരികെ പോയത്. നാട്ടിലെത്തുമ്ബോഴെല്ലാം പൊതുരംഗത്തും കായിക രംഗത്തും സജീവമായിരുന്നു. അസമിലെ ഡിഞ്ചാന്‍ സൈനിക ആശുപത്രി മോര്‍ച്ചറിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ വിമാന മാര്‍ഗം കേരളത്തിലേക്ക് എത്തിക്കും. മാതാപിതാക്കളും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിന്‍.