സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റിൽ നിന്നും അപായ സന്ദേശം ലഭിച്ചിരുന്നു. സാങ്കേതിക പ്രശനം ഉണ്ടായെന്നാണ് എയർ ട്രാഫിക് കൺട്രോളിന് പൈലറ്റിന്റെ സന്ദേശം ലഭിച്ചത്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് സൈന്യം വ്യക്തമാക്കി.

അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഇന്നലെ രാവിലെ ഹെലികോപ്റ്റർ തകർന്നുവീണത്. ആകെ അഞ്ച് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അഞ്ചാമത്തെ ആൾക്കായി തിരച്ചിൽ തുടരുകയാണ്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗനമനം.

അപകടത്തിൽ മലയാളി സൈനികനും മരിച്ചിരുന്നു. കാസർകോഡ് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകൻറെ മകൻ കെ വി അശ്വിൻ ( 24 ) ആണ് അപകടത്തിൽ മരിച്ച നാല് പേരിൽ ഒരാൾ. നാലുവർഷം മുമ്പാണ് ഇലക്ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ ജോലിക്ക് കയറിയത്. നാട്ടിൽ അവധിക്ക് വന്ന അശ്വിൻ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് വീട്ടിൽ അറിയിച്ചത്. അശ്വിൻറെ മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും.