ഗവർണറുടെ അസാധാരണ നടപടി; കോൺഗ്രസിലും ഭിന്നത

സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും ഭിന്നത. വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയതിന് പിന്നാലെ ഗവർണറെ വിമർശിച്ചുകൊണ്ട് വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുകയാണ് എഐസിസി അംഗം കെ.സി വേണുഗോപാൽ. ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തിൽ ഇന്നലെ മുസ്ലിംലീഗും വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതോടെ ഈ വിഷയത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും വലിയ ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്.

ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയാണ് കെ.സി വേണുഗോപാൽ. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽ അതിനെ ചോദ്യം ചെയ്യേണ്ടതാണെന്ന കൃത്യമായ നിലപാടാണ് അദ്ദേഹം ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. സംസ്ഥാന കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടിന് തീർത്തും വിരുദ്ധമാണിത്.

ചെയ്ത തെറ്റ് തിരുത്താൻ ഗവർണർ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുകയാണെന്നുതന്നെയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. എന്നാൽ എ.പി.ജെ അബ്ദുൽ കലാം സർവ്വകലാശാല വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മറ്റ് ഒമ്പത് സർവ്വകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ട ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്.