ചരിത്രമെഴുതി ഋഷി സുനക്; ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ചരിത്രം തിരുത്തി ബ്രിട്ടൻ. ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടൺ പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി. മുൻ പ്രതിരോധ മന്ത്രി പെന്നി മോർഡന്റ് മത്സരത്തിൽ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോർഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കും. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മൽസരത്തിൽ നിന്നു നേരത്തെ പിന്മാറിയിരുന്നു.

ഇന്ത്യൻ വംശജനും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ ആർ നാരായണമൂർത്തിയുടെ മരുമകനുമാണ് ഋഷി സുനക്. 2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. 2015 ൽ ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.

പഞ്ചാബിൽ വേരുകളുള്ള ഇന്ത്യൻ ഡോക്ടറുടെ മകനായി 1980ൽ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിച്ചത്. 2015ൽ യോർക്ക്ഷയറിലെ റിച്ച്മോണ്ടിൽനിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് 2009ലാണ് നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ വിവാഹം കഴിക്കുന്നത്.