വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തി. രാവിലെ പത്ത് മണിയോടെയാണ് ഗവര്‍ണര്‍ വിഎസ് അച്യുതാനന്ദന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ 20 ന് 99 ാം പിറന്നാള്‍ ആഘോഷിച്ച വിഎസിന് ആശംസയര്‍പ്പിക്കാനാണ് ഗവര്‍ണര്‍ എത്തിയത്.

പിറന്നാള്‍ ദിനത്തില്‍ ഡല്‍ഹിയില്‍ ആയിരുന്ന ഗവര്‍ണര്‍ വിഎസിന്റെ കുടുംബാംഗങ്ങളെ വിളിച്ച്‌ ആശംസ അറിയിച്ചിരുന്നു. രാവിലെ പത്ത് മണിയോടെയാണ് പിഎംജിയില്‍ ലോ കോളേജിന് സമീപത്തുള്ള വീട്ടിലേക്ക് ഗവര്‍ണര്‍ എത്തിയത്. ആരോഗ്യകരമായ കാരണങ്ങളാല്‍ പൂര്‍ണ്ണ വിശ്രമത്തിലാണ് വിഎസ്. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുണ്ട്.

അടുത്ത കുടുംബാംഗങ്ങളും ഡോക്ടര്‍മാരും മാത്രമാണ് വിഎസിനെ കാണുന്നത്. പൂച്ചെണ്ടും പൊന്നാടയും പിറന്നാള്‍ സമ്മാനമായി ഗവര്‍ണര്‍ കൊണ്ടു വന്നിരുന്നു. സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ ഗവര്‍ണര്‍ വിഎസിനെ കണ്ടില്ല. വിഎസിന്റെ ഭാര്യയും മകനും ഉള്‍പ്പെടെ കുടുംബാംഗങ്ങളെ കണ്ട് ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച ഗവര്‍ണര്‍ ആശംസയറിയിച്ച്‌ മടങ്ങി.