കോൺഗ്രസ്സ് പ്രവര്‍ത്തകസമിതിയിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം

Congress to hold an election to pick new party chief after Bengal, Assam polls

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ പ്രവര്‍ത്തകസമിതിയിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ എതിര്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ അറിയിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. കോണ്‍ഗ്രസിന്‍്റെ പരമോന്നത ഘടകമായ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന ഉറച്ച നിലപാടിലാണ് ശശി തരൂരും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും. അതേസമയം എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്ച വച്ച ശശി തരൂരിനെ പ്രവര്‍ത്തകസമിതിയിലേക്ക് കൊണ്ടു വരുന്ന കാര്യത്തില്‍ ഖര്‍ഗെ നെഹ്റു കുടുംബവുമായി ഇന്ന് ചര്‍ച്ച നടത്തിയേക്കും.

നാളെയാണ് എഐസിസി അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചുമതലയേറ്റെടുക്കുന്നത്. പ്രവര്‍ത്തക സമിതിയുടെ പുനസംഘടനയും വരാനിരിക്കുന്ന പ്ലീനറി സമ്മേളനവുമാണ് സംഘടനയ്ക്ക് അകത്ത് ഖര്‍ഗെയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളികള്‍. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളും ഇതിനിടയില്‍ നടക്കും.

അതേസമയം മഹിളാ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ ഉടന്‍ പുനസംഘട നടക്കും. മഹിളാ കോണ്‍ഗ്രസ് പുനസംഘടനയ്ക്ക് ദേശീയ സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്.. കമ്മിറ്റി അംഗങ്ങളുടെ എണ്ണം പകുതിയാക്കി കുറച്ചായിരിക്കും പുനസംഘടന നടത്തുക. അഞ്ച് ഘട്ടങ്ങളിലായി പുനസംഘടന നടത്താനാണ് തീരുമാനം. നിലവിലെ മഹിള കോണ്‍ഗ്രസ് അധ്യക്ഷയായ ജെബി മേത്തര്‍ പദവിയില്‍ തുടരാനാണ് സാധ്യത.