ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി. ഇന്നും നാളെയും വലിയ പ്രതിഷേധ പരിപാടികളാണ് എല്‍ഡിഎഫ് സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധക്കൂട്ടായ്മ നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന്‍ നേതൃത്വം നല്‍കും. വി​ദ്യാര്‍ത്ഥി, യുവജന സംഘടനകളും ​ഗവര്‍ണര്‍ക്കെതിരായ പരസ്യ പ്രതിഷേധത്തില്‍ പങ്കെടുക്കും.

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ വി.സിമാര്‍ ഉടന്‍ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാര്‍ക്കും സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നലെ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പ്രകാരം ഗവര്‍ണര്‍/ചാന്‍സലര്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്ബത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങളില്‍ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചാന്‍സലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങള്‍ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി.