ന്യൂഡല്‍ഹി: ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യ. ഡല്‍ഹി, നോയിഡ, അമൃത്സര്‍ തുടങ്ങിയ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായി. സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ചന്ദ്രന് സൂര്യനും ഭൂമിയ്ക്കും ഇടയില്‍ വരുമ്ബോള്‍ സൂര്യന് ഭാഗികമായോ, പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് നോക്കുമ്ബോള്‍ സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക.
പൂര്‍ണ സൂര്യഗ്രഹണത്തില്‍ സൂര്യന് മുഴുവനായും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞുപോവും. ഭാഗിക ഗ്രഹണത്തില്‍ ഇങ്ങനെ സംഭവിക്കാറില്ല. സൂര്യന്, ചന്ദ്രന്, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴല്‍ വീഴുന്നതായി തോന്നുകയും ചെയ്യുമ്ബോഴാണ് ഭാഗിക സൂര്യഗ്രഹണമുണ്ടാവുന്നത്. ഈ പ്രതിഭാസം കാണാന്‍ സാധിക്കുക ചുരുങ്ങിയ സമയം മാത്രമായിരിക്കും.
ലഡാക്കിലും ജമ്മു കശ്മീരിലുമാണ് ഏറ്റവും അധികം സമയം ഗ്രഹണം ദൃശ്യമായത്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലയിലാണ് സൂര്യഗ്രഹണം ദൃശ്യമാകുന്നത്.