രണ്ട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ക്ക് കൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്കി രാജ്ഭവന്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വി.സിമാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ചാന്‍സിലറുടെ നോട്ടീസിന് നിയമോപദേശത്തിനു ശേഷം മറുപടി നല്‍കാനാണ് വി.സിമാരുടെ തീരുമാനം.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വി.സി ഡോ.മുബാറക് പാഷ, ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ.സജി ഗോപിനാഥ് എന്നിവര്‍ക്കാണ് രാജ്ഭവന് ഇന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതോടെ പതിനൊന്ന് സര്‍വകലാശാല വി.സിമാര്‍ക്ക് ഇതുവരെ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
പുതിയതായി തുടങ്ങിയ ഈ സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് വി.സിമാരെ നിയമിച്ചത്. ഇതു യു.ജി.സി ചട്ടത്തിനു വിരുദ്ധമാണെന്നും സാങ്കേതിക സര്‍വകലാശാലയിലെ സുപ്രിംകോടതി വിധി എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്നും നോട്ടീസില്‍ പറയുന്നു. പുറത്താക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും വി.സിമാര്‍ മറുപടി നല്‍കുക.