ആന്ധ്രാപ്രദേശിൽ 45 കുരങ്ങുകൾ ചത്ത നിലയിൽ; വിഷം നൽകിയതെന്ന് സംശയം

കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് 45 കുരങ്ങുകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് വനം വകുപ്പ് അറിയിച്ചു. എന്നാൽ ആരോ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം.

സിലാഗം ഗ്രാമത്തിലെ റോഡിന് സമീപം കുരങ്ങുകളുടെ ജഡം കിടക്കുന്നത് കണ്ട പ്രദേശവാസികൾ വനം വകുപ്പിനെ വിവരം അറിയിച്ചു. വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുരങ്ങുകളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ ശേഷം ജഡം സിലാഗാം ഗ്രാമത്തിൽ തള്ളിയതായി കണ്ടെത്തി.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കുരങ്ങുകൾ ചത്തതിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുമെന്നും പ്രതികളെ പിടികൂടുമെന്നും ശ്രീകാകുളം ഡിഎഫ്ഒ ഇ ഹരിക പറഞ്ഞു. സിലാഗമിൽ നിന്ന് 30 കിലോമീറ്റർ അകലെ മന്ദസയ്ക്ക് സമീപമാണ് കുരങ്ങുകളുടെ സാന്നിധ്യം കണ്ടെത്തിയതെന്നും സിലാഗമിൽ കുരങ്ങുകൾ ഇല്ലെന്നും ഗ്രാമവാസികൾ പറഞ്ഞു. കുരങ്ങുകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. ചൊവ്വാഴ്ച വൈകീട്ട് ചത്ത കുരങ്ങുകളുടെ പോസ്റ്റ്മോർട്ടം നടത്തി റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.