നയന്‍താരയും വിഗ്നേഷ് ശിവനും വാടക ഗര്‍ഭധാരണനിയമം ലംഘിച്ചിട്ടില്ല: തമിഴ്‌നാട് ആരോഗ്യവകുപ്പ്

ചെന്നൈ: നയന്‍താരയും വിഗ്നേഷ് ശിവനും വാടക ഗര്‍ഭധാരണനിയമം ലംഘിച്ചിട്ടില്ല എന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ്. ഐ സി എം ആര്‍ നിര്‍ദേശപ്രകാരമുള്ള മാര്‍ഗനിര്‍ദേശമെല്ലാം പാലിച്ചുകൊണ്ടാണ് വാടക ഗര്‍ഭധാരണം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്‌നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ബുധനാഴ്ച വൈകീട്ടാണ് പുറത്തുവിട്ടത്.

ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തലുകള്‍. റിപ്പോര്‍ട്ട് പ്രകാരം 2016 മാര്‍ച്ചില്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞതാണ്. വാടക ഗര്‍ഭധാരണത്തിനുള്ള കരാറില്‍ ഒപ്പിടുന്നതിന് മുന്‍പ് ഇരുവരും ഈ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത അന്വേഷണത്തിലൂടെ ഉറപ്പായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വാടക ഗര്‍ഭധാരണത്തിനായി മുന്നോട്ട് വന്ന സ്ത്രീയും നിര്‍ദേശങ്ങള്‍ എല്ലാം തന്നെ പാലിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. 2021 നവംബറിലാണ് വിഗ്നേഷ് ശിവനും നയന്‍താരയും വാടക ഗര്‍ഭധാരണത്തിനായി യുവതിയുമായി കരാറില്‍ ഒപ്പിട്ടത്. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ചികിത്സ നടത്തി.