വായു മലിനീകരണം വർദ്ധിക്കുന്നു; ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’ ക്യാമ്പയിൻ ആരംഭിച്ച് ഡൽഹി സർക്കാർ

വാഹനങ്ങളിൽ നിന്നുള്ള പുക വലിയ തോതിൽ വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഗ്രീൻ ലൈറ്റ് കാത്ത് നിൽക്കുന്ന സമയത്ത് എല്ലാ എഞ്ചിനുകളും ഓഫ് ചെയ്താൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം 15-20 ശതമാനം വരെ കുറയ്ക്കാമെന്നും പഠനങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് വായുമലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഡൽഹി സർക്കാരിന്റെ കാമ്പെയ്ൻ ആണ് ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’.

പേര് സൂചിപ്പിക്കുന്നത് പോലെ, ട്രാഫിക് ലൈറ്റ് ചുവപ്പിൽ നിന്ന് പച്ചയായി മാറുന്നത് കാത്തിരിക്കുന്ന സമയത്ത് ആളുകളെ അവരുടെ വാഹനങ്ങളുടെ എഞ്ചിനുകൾ സ്വിച്ച് ഓഫ് ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് ഈ ക്യാമ്പയിൻ. ഇതിലൂടെ വായുമലിനീകരണം കുറയ്ക്കുക എന്നാണ് ലക്ഷ്യമിടുന്നത്. ഡൽഹിയിലെ ട്രാഫിക്കിൽ പച്ച സിഗ്‌നലിനായി കാത്തുനിൽക്കുന്ന സമയത്ത് ആരെങ്കിലും നിങ്ങൾക്ക് നേരെ റോസാപ്പൂ നീട്ടിയാൽ ആശ്ചര്യപ്പെടേണ്ട നിങ്ങളുടെ വാഹനത്തിന്റെ എൻജിനുകൾ ഓഫ് ചെയ്യാൻ ഓർമ്മിപ്പിക്കുന്നതാണ് അത്. 2020 ഒക്ടോബർ 16 ന് ഡൽഹിയിലാണ് ആദ്യമായി ഇത് ആരംഭിക്കുന്നത്.

ദീപാവലിക്ക് ശേഷം ഡൽഹിയിൽ മലിനീകരണ തോത് വർധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അടുത്തിടെ പറഞ്ഞിരുന്നു. ദീപാവലിക്ക് ശേഷം എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) നോയിഡയിൽ 342ലും ഡൽഹിയിൽ 323ലും എത്തിയിരുന്നു. 2021-ൽ, പ്രചാരണ പരിപാടികൾക്ക് മുന്നോടിയായി, കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നത് ഇങ്ങനെയാണ്. ”ദയവായി മലിനീകരണത്തിനെതിരായ ഈ പോരാട്ടത്തിൽ നിങ്ങളും കൈകോർക്കുക. ചുവന്ന ലൈറ്റിൽ നിർത്തുമ്പോഴെല്ലാം, ദയവായി നിങ്ങളുടെ കാറിന്റെ എഞ്ചിൻ ഓഫ് ചെയ്യുക. ഇത് ഇന്ധനം ലാഭിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യും. ഡൽഹിയിലെ മലിനീകരണം കുറയ്ക്കാൻ ഒരുമിച്ച് പ്രവർത്തിക്കുക.