മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്, ഭരണഘടനാപരമായി കാര്യങ്ങൾ നടക്കും: കെ.എൻ ബാലഗോപാൽ

ഗവർണർ കത്ത് നൽകിയ സംഭവത്തിൽ പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ താൻ പ്രതികരിക്കുന്നത് ശരിയല്ല.താൻ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തിൽ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല. ഇന്ത്യയിൽ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിയില്ല. ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തും തിരിച്ച് നൽകിയ കത്തും താൻ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങൾ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. വിഷയത്തിൽ വലിയ തോതിൽ ചർച്ച നടക്കുന്നുണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.

ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്ന് കാണിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചത്. ഗവർണർക്കെതിരായ ബാലഗോപാലിൻറെ പ്രസംഗമാണ് നടപടിക്ക് ആധാരം. എന്നാൽ പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതിനിടെ ഗവർണറുടെ നടപടിയിൽ പ്രതികരണമറിയിച്ച് മറ്റ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

ഒക്ടോബർ 19ന് വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ ഗവർണർ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 18നായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടുന്നതുമാണ് പ്രസംഗമെന്ന് കത്തിൽ പറയുന്നു. ബോധപൂർവ്വം തന്റെ സത്യപ്രതിജ്ഞ ലംഘിക്കുകയാണ് മന്ത്രി എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മന്ത്രി കേരളത്തിന്റെ പാരമ്പര്യം മറന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനം ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഗവർണറുടെ കത്ത്.