കറന്‍സി നോട്ടുകളില്‍ ദൈവങ്ങളുടെ ചിത്രം വേണമെന്ന കെജ്‌രിവാളിന്റെ ആവശ്യം; രാഷ്ട്രീയ ഗിമ്മിക്കെന്ന് ബി ജെ പി

ദില്ലി: ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ ഗിമ്മിക്കാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹിന്ദു ദേവതകളായ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ കറന്‍സി നോട്ടുകളില്‍ വേണമെന്ന അഭ്യര്‍ത്ഥനയെന്ന് പ്രതികരിച്ച്‌ ബിജെപി രംഗത്ത്.

എഎപി മന്ത്രിയും ഗുജറാത്തിലെ നേതാക്കളും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും ദൈവങ്ങളെക്കുറിച്ച്‌ മോശമായി പറയുകയും ചെയ്തിട്ടുണ്ട്, എന്നിട്ടും അവര്‍ ഇപ്പോഴും ആംഅദ്മി പാര്‍ട്ടിയായി തുടരുന്നു. വോട്ടെടുപ്പില്‍ മുഖം രക്ഷിക്കാന്‍ അവര്‍ പുതിയ തന്ത്രങ്ങള്‍ കൊണ്ടുവരുന്നു. രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ പുതിയ മുഖംമൂടിയുമായി വന്നിരിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംപി മനോജ് തിവാരി പ്രതികരിച്ചു.

ബിജെപിയുടെ ദേശീയ വക്താവ് സംബിത് പത്രയും കെജ്‌രിവാളിന്‍റെ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങള്‍ എന്ന ആശയത്തെ രാഷ്ട്രീയം യു-ടേണ്‍ എന്ന് വിശേഷിപ്പിച്ച്‌ പരിഹസിച്ചു. “അയോധ്യയിലെ രാമക്ഷേത്രത്തില്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ ദൈവം സ്വീകരിക്കില്ലെന്ന് അവകാശപ്പെട്ട് അവിടെ പോകാന്‍ വിസമ്മതിച്ച അതേ മനുഷ്യനാണ് കെജ്രിവാള്‍. കശ്മീരി പണ്ഡിറ്റുകളുടെ പലായനം കള്ളമാണെന്ന് പറഞ്ഞ് ചിരിച്ചയാളാണ്. ഇത്തരം ഒരാളാണ് ഇത്തരം ആവശ്യവുമായി എത്തുന്നത്”

കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറന്‍സി നോട്ടുകള്‍ ഇറക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചത്. “ഇന്തോനേഷ്യയ്ക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, ഞങ്ങള്‍ക്കും അത് ചെയ്യാന്‍ കഴിയും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് ഐശ്വര്യം വരാന്‍ ഇത് നടപ്പാക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.