പീഡനക്കേസ്: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും

പീഡന കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇന്നലെ കോവളം ഗസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള ഇടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു. വരുംദിവസങ്ങളിൽ പെരുമ്പാവൂരിലെത്തിച്ചും തെളിവെടുക്കും.

അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെങ്കിലും ചോദ്യങ്ങൾക്ക് എംഎൽഎ വ്യക്തമായ മറുപടി നൽകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയുടെ പരാതിയിലെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്.

അതേസമയം വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ യുവതി ഇന്ന് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകും. എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന പ്രോസിക്യൂഷൻ ഹർജി ഇന്ന് ഹൈക്കോടതിയിൽ ഫയൽ ചെയ്യുമെന്നാണ് വിവരം.