പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ ഓര്‍മയായിട്ട് 47 വര്‍ഷം

പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ ഓർമയായിട്ട് 47 വർഷം. കാൽപ്പനികത നിറഞ്ഞ സംഗീതസാന്ദ്രമായ പാട്ടുകളും കവിതകളും നമുക്ക് സമ്മാനിച്ചാണ് വയലാർ അനശ്വരനായിത്തീർന്നത്.

സുഖവും ദുഃഖവും നിറഞ്ഞ ജീവിതാവസ്ഥകൾ വയലാർ തന്റെ തൂലികയിലൂടെ പകർത്തിയപ്പോൾ അവയൊക്കെയും മനോഹരമായ പാട്ടുകളും കവിതകളുമായി മാറി. ഇതിഹാസങ്ങളും പുരാണങ്ങളും വയലാറിന്റെ രചനകളിലൂടെ പുനർജനിച്ചപ്പോൾ കഥാപാത്രങ്ങൾക്ക് അഴകും മിഴിവും ഏറി.

മലയാളിക്ക് മറക്കാനാകാത്ത പാട്ടുകളിൽ ഏറെയും വയലാറിൻറെ തൂലികയിൽ പിറന്നതാണ്. ആ പേര് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന എത്രയെത്ര പാട്ടുകൾ. വയലാർ-ജി.ദേവരാജൻ കൂട്ടുകെട്ട് മലയാളത്തിൽ സൃഷ്ടിച്ചത് പാട്ടുകളുടെ മാസ്മരിക ലോകം. ആ പാട്ടുകളുടെ അഴക് ഒന്നു വേറെത്തന്നെയായിരുന്നു.

ഇരുപതിലേറെ സംഗീത സംവിധായകർക്ക് വേണ്ടി വയലാർ ഗാനങ്ങൾ എഴുതി. നാടകമാകട്ടെ, സിനിമയാകട്ടെ… മലയാളത്തിൽ ഏറ്റവും കൂടുതൽ വിപ്ലവഗാനങ്ങൾ സമ്മാനിച്ചത് വയലാറാണ്.