‘എൽദോസ് കുന്നപ്പിളളിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണം’; ഹൈക്കോടതിയെ സമീപിച്ച് സർക്കാർ

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിളളിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഹർജിയിൽ സർക്കാർ ആരോപിക്കുന്നത്.

അതിനിടെ, എൽദോസ് കുന്നപ്പിളളിൽ എംഎൽഎ പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസിൽ നാല് പേരെ കൂടി പൊലീസ് പ്രതി ചേർത്തു. മൂന്ന് അഭിഭാഷകരെയും ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനെയുമാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. അഡ്വ. അലക്‌സ്, അഡ്വ. സുധീർ, അഡ്വ. ജോസ്, ഓൺലൈൻ മാധ്യമ പ്രവർത്തകൻ രാഗം രാധാകൃഷ്ണൻ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്.

അഭിഭാഷകരുടെ ഓഫീസിൽ വച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എൽദോസിനെതിരെ കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എൽദോസിനെ മാത്രം പ്രതി ചേർത്ത കേസിലാണ് നാല് പേരെ കൂടി പ്രതി ചേർത്തത്. ഈ കേസിൽ എൽദോസിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 31 ന് കോടതി വിധി പറയും.