‘മുള്ളുള്ള തണ്ടിലെ റോസാപ്പൂ പോലെ…’; വൈറലായി അമ്മയെക്കുറിച്ചുള്ള നാലാം ക്ലാസുകാരന്റെ കവിത

കുഞ്ഞുങ്ങൾ നമുക്ക് തരുന്ന ഓരോ സമ്മാനങ്ങളും വളരെയധികം പ്രിയപ്പെട്ടതാണ്. അത് അവരുടെ തന്നെ സൃഷ്ടികളാകുമ്പോൾ അവയ്ക്ക് മധുരമേറും. നാലാം ക്ലാസിൽ പഠിക്കുന്ന മകൻ തനിക്കായി എഴുതിയ കവിതകൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് അമ്മ. അമ്മയെ കുറിച്ച് ആ മകൻ എഴുതിയ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിഷ്‌കളങ്കമായ ആ കുഞ്ഞുമനസിലെ കാര്യങ്ങൾ വാക്കുകളിൽ കുറിച്ചിരിക്കുകയാണ് ആ നാലാം ക്ലാസുകാരൻ.

‘മുള്ളുള്ള തണ്ടിലെ റോസാപ്പൂ പോലെ സുന്ദരിയാണ് നീ. കാരണം ചിലപ്പോൾ നിനക്ക് ദേഷ്യം വരും’. അമ്മ റോസാപ്പൂവ് പോലെ സുന്ദരിയാണെങ്കിലും അമ്മയ്ക്ക് ഇടയ്ക്കു വരുന്ന ദേഷ്യത്തെ അതിലെ മുള്ളിനോടാണ് ഈ കുരുന്ന് ഉപമിച്ചിരിക്കുന്നത്. ഈ കൊച്ചു കവിയുടെ നിരീക്ഷണപാടവത്തേയും സർഗ്ഗാത്മകതയേയും അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്. ഇതുവരെ 1,45,400 ലൈക്കുകളും 12,600 റീട്വീറ്റുകളും ലഭിച്ചു. നാലാം ക്ലാസ്സുകാരൻ എഴുതിയത്” എന്ന അടിക്കുറിപ്പോടെ മകന്റെ മൂന്ന് വ്യത്യസ്ത കവിതകളുടെ ചിത്രങ്ങളാണ് അമ്മ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

അതിൽ ആദ്യത്തെ കവിത ഇങ്ങനെയാണ്. ”എനിക്ക് ഒരു കവിതയെക്കുറിച്ച് ഒരു ആശയം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അത് എന്റെ മനസ്സിൽ നിന്ന് മാറി വീടിനു ചുറ്റും അലഞ്ഞുനടക്കുന്നു.” എന്നായിരുന്നു അത്. ഈ കുഞ്ഞുകവി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്.