സുപ്രീം കോടതി വിധി വിശദമായി സി പി എം പരിശോധിച്ചു, വിസി മാരെ മാറ്റേണ്ട സാഹചര്യമില്ല: എംവി ഗോവിന്ദൻ

തിരുവനന്തപുരം: ജനങ്ങൾക്ക് ഗവർണറോടുള്ള പ്രീതി നഷ്ടമായിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുപ്രീം കോടതി വിധി വിശദമായി സി പി എം പരിശോധിച്ചു. വിസി മാരെ മാറ്റേണ്ട സാഹചര്യമില്ല. വിധി പരിശോധിച്ച ശേഷമാണ് നിലപാട് പറയുന്നത്. ജനങ്ങളുടെ പ്രീതി നഷ്ടമായിരിക്കുന്നത് ഗവർണർക്ക് ആണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിധി അന്തിമമല്ല. പല ബില്ലുകളും ഗവർണർ ഒപ്പിടാതെ വെച്ചിരിക്കുകയാണ്. ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കിയാൽ പ്രശ്‌നം പരിഹരിക്കില്ല. ഗവർണറുടെ വ്യക്തിപരമായ പ്രീതി പ്രശ്‌നമല്ല. അതുകൊണ്ടൊന്നും മന്ത്രിയെ ഒഴിവാക്കാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാന സർക്കാരിനോട് ഇടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ശുംഭനെന്ന് വിശേഷിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. ലോകത്തിലെ എല്ലാ അധികാരങ്ങളും തന്റേതാണെന്ന് ഏതെങ്കിലുമൊരു ശുംഭൻ വിചാരിച്ചാൽ എന്തു ചെയ്യാൻ കഴിയുമെന്നും അങ്ങനെ തന്നെ ചിന്തിക്കട്ടെന്നുമായിരുന്നു കാനത്തിന്റെ പരിഹാസം.

ധനമന്ത്രി കെ എൻ ബാലഗോപാലിലുള്ള പ്രീതി പിൻവലിച്ച ഗവർണറിന്മേലുള്ള പ്രീതി ഞങ്ങളും പിൻവലിച്ചുവെന്നും കാനം ആലപ്പുഴയിൽ പറഞ്ഞു. സിപിഎമ്മിലും സിപിഐയിലും ഒഴിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിച്ചയാളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 9 പാർട്ടികളിൽ മാറി മാറി കയറിയിറങ്ങി. ഇപ്പോൾ കേരളത്തിൽ ഗവർണർ കസേരയിലിരുന്ന് രാഷ്ട്രീയം കളിക്കുകയാണെന്നും കാനം രാജേന്ദ്രൻ പരിഹസിച്ചു.