രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. എൻഐഎക്ക് വിശാല അധികാരം നൽകിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങാൻ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവർത്തിക്കണമെന്നും ആഭ്യമന്ത്രമന്ത്രി ആവശ്യപ്പെട്ടു.
ഹരിയാനയിലെ സൂരജ്കുണ്ഡിൽ ദ്വിദിന ചിന്തൻ ശിബിരത്തിൽ സംസാരിക്കവെയായിരുന്നു അമിത്ഷായുടെ പ്രതികരണം.’എൻഐഎയ്ക്ക് വിശാല അധികാരങ്ങളുണ്ട്. 2024-ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്’, അമിത്ഷാ പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഭീകരവാദപ്രവർത്തനങ്ങളിൽ 34 ശതമാനം കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സൈനികരുടെ മരണത്തിൽ 64 ശതമാനവും സാധാരണക്കാരുടെ മരണത്തിൽ 90 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ടെന്നും അമിത്ഷാ അവകാശപ്പെട്ടു.