ദില്ലി: വിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ട സമാജ്വാദി പാർട്ടി എംഎൽഎ അസംഖാന്റെ നിയമസഭാ അംഗത്വം റദ്ദാക്കി. യുപി നിയമസഭാ സ്പീക്കറുടെതാണ് നടപടി. 2019 ലെ വിദ്വേഷ പ്രസംഗ കേസിൽ അസം ഖാനെ യു പി കോടതി കഴിഞ്ഞ ദിവസം 3 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിദ്വേഷ പരാമർശ കേസിലാണ് ശിക്ഷ. അസം ഖാൻ ഉൾപ്പെടെ മൂന്നു പേരെ മൂന്ന് വർഷം തടവിനും 2000 രൂപ പിഴയ്ക്കുമാണ് രാംപൂർ കോടതി ശിക്ഷിച്ചത്.
അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ഈ കാലയളവിൽ കോടതി അസം ഖാന് ജാമ്യം നൽകിയിട്ടുണ്ട്. അപ്പീൽ തള്ളി ശിക്ഷ അനുഭവിക്കേണ്ടി വന്നാൽ അസം ഖാന് എംഎൽഎ സ്ഥാനം നഷ്ടപ്പെടും. രാംപൂരിൽ നിന്നുള്ള എംഎൽഎ ആയ അസം ഖാൻ തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മോഷണം എന്നിവയടക്കം തൊണ്ണൂറോളം കേസുകളിൽ പ്രതിയാണ്. 2020ൽ അറസ്റ്റിലായ അദ്ദേഹം 27 മാസം ജയിലിൽ കഴിഞ്ഞിരുന്നു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി. പരാതികൾക്കായി കാത്തു നിൽക്കേണ്ടതില്ല. സ്വമേധയാ കേസെടുക്കുകയും അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കുകയും വേണമെന്ന് സുപ്രീം കോടതി പറഞ്ഞു. മതേതര സ്വഭാവമുള്ള രാജ്യത്തിന് ചേർന്നതല്ല വിദ്വേഷ പ്രസംഗങ്ങൾ. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നാണ് ഭരണഘടന വ്യക്തമാക്കിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആരുടെ ഭാഗത്തു നിന്നായാലും വിദ്വേഷ പ്രസംഗങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.