യാത്രയിൽ അപ്രതീക്ഷമായി പകർത്തിയ ചിത്രം വൈറല്‍; ഇന്ത്യയുടെ മനസ്സിനെ ഇനിയും ഭിന്നിപ്പിക്കാന്‍ കഴിയുമോ?

പര്‍ദയിട്ട ഒരു മലയാളി വനിതയും അവരുടെ മടിയില്‍ ഉറങ്ങുന്ന ശബരിമല തീര്‍ഥാടകയായ ഒരു ബാലികയുടെയും ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പരശുറാം എക്‌സ്പ്രസില്‍ നിന്ന് ഒരു യാത്രക്കാരന്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത ചിത്രം ആയിരക്കണക്കിനാളുകള്‍ ഇതിനോടകം ഷെയര്‍ ചെയ്തു കഴിഞ്ഞു.

ഫോട്ടോ പകര്‍ത്തിയത് ആരും അറിഞ്ഞിരുന്നില്ല. ഫെയ്‌സ്ബുക്കില്‍ ഫോട്ടോ തിരിച്ചറിഞ്ഞ് വിളിക്കുമ്പോഴായിരുന്നു സംഭവം തബ്‌സിയും കുടുംബാംഗങ്ങളുമെല്ലാം അറിയുന്നത്. ആ ചിത്രം നല്‍കുന്ന സന്ദേശവും അതു പകരുന്ന പ്രതീക്ഷയും വിവരണങ്ങള്‍ക്കതീതമാണ്. ജാതിയും മതവും ദേശവും തിരക്കാതെ ഒരേ പാത്രത്തില്‍ ഉണ്ണുകയും സന്തോഷവും സങ്കടവും പങ്കുവെക്കുകയും ചെയ്യുന്ന മലയാളിക്ക് ഇതൊരു പുതുമല്ല.

ട്രെയിന്‍ യാത്രയിലാണ് ശബരിമല തീര്‍ഥാടകയായ വേദ എന്ന കുഞ്ഞിനെ മടിയിലുറക്കിയത്. അതു കണ്ട് മനസ്സു നിറഞ്ഞ വേദയുടെ പിതാവ് സന്ദീപാണ് ചിത്രം മൊബൈലില്‍ പകര്‍ത്തിയത്. വേഷം പോലും രാഷ്ട്രീയവത്കരിക്കപ്പെടുന്ന കാലത്ത് ഈ ചിത്രം ഇവിടെ ചേര്‍ത്തുവെക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സന്ദീപ് ഗോവിന്ദ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഒന്നായ ഇന്ത്യയുടെ മനസ്സിനെ ഭിന്നിപ്പിക്കാന്‍ വര്‍ഗീയ ശക്തികള്‍ കഠിന പരിശ്രമം നടത്തുന്ന ഘട്ടത്തില്‍ അതിനു സാധിക്കില്ല എന്ന സന്ദേശവുമായി ഈ ചിത്രം വാട്‌സ്‌ആപ് ഗ്രൂപ്പുകളിലും വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചു. വിടി ബല്‍റാം എംഎല്‍എയും നിരവധി സെലിബ്രിറ്റികളും ഇത് പങ്കുവെച്ചു.

വേഷത്തിൻറെയും മതത്തിൻറെയും പേരില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന കാലത്ത് ഈ ചിത്രം ഒരുപാട് മുറിവുകളുണക്കാന്‍ പ്രാപ്തമാകുമെന്നാണ് തബ്‌സിയുടെയും കുടുംബത്തിൻറെയും നിലപാട്.

Content highlight; An unexpected image captured while journey, its viral