പൗരത്വ നിയമ ഭേദഗതിക്കെതിരെ ‘ആര്‍ട്ട് അറ്റാക്ക്’ എന്ന പേരില്‍ കോഴിക്കോട് നഗരത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി വൈകിട്ട് നാല് മണിക്ക് ആരംഭിക്കും. കലാകാരന്മാരും യുവജനങ്ങളും അണിനിരക്കുന്ന പ്രതിഷേധ റാലി കോഴിക്കോട് മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച് വിവിധ കലാപ്രകടനങ്ങളോടെ കടപ്പുറത്ത് സമാപിക്കും. ഷഹബാസ് അമന്, സമീര്‍ ബിന്‍സി, അയിശ അബ്ദുല്‍ ബാസിത്ത് എന്നിവരുടെ നേത്യത്വത്തിൽ പാട്ടുപാടി പ്രതിഷേധിക്കും.
”സംഘ്പരിവാർ രാഷ്ട്രീയത്തിൻറെ നിരന്തര ദുരിതം പേറുന്ന ജനത രാജ്യമൊട്ടാകെ നടത്തുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കോഴിക്കോടിൻറെ കലാകാരന്മാരോടൊപ്പം ഞങ്ങള്‍ നിങ്ങളെ വിളിക്കുകയാണ്. 26 ഡിസംബര്‍ നാലുമണിക്ക് മാനഞ്ചിറയിലേക്ക് നിങ്ങള്‍ വരില്ലേ..? ഞങ്ങളുണ്ടാകും…വരൂ അറിയാവുന്ന കലയിലൂടെ നമുക്കൊരുമിച്ച് നിന്ന് പ്രതിഷേധിക്കാം.” എന്ന് ‘ആര്‍ട്ട് അറ്റാക്കി”ൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചത്.
സിനിമ സംവിധായകന് സകരിയ്യ, മുഹ്സിന് പരാരി, ഹര്‍ഷാദ്, മാമുക്കോയ, പി.കെ പാറക്കടവ്, ഡല്‍ഹി ജാമിഅ മില്ലിയ സമരത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ലദീദ ഫർസാന, ആയിശ റന്ന, ഷഹീന് അബ്ദുല്ല എന്നിങ്ങനെ സിനിമ, കലാ- സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും. ഇതിന് പുറമെ രാജീവ് രവി, പാ രഞ്ജിത്ത്, പാര്‍വതി തിരുവോത്ത്, ആഷിഖ് അബു, ഗീതു മോഹൻദാസ്, റിമ കല്ലിങ്കല്‍, ഷെയിന്‍ നിഗം തുടങ്ങിയ പ്രമുഖര്‍ പരിപാടിക്ക് പിന്തുണയുമായി രംഗത്തെത്തി.
Content highlight: protest against CAA, art attack protest in Kozhikode