ആണവായുധ ശേഷിയുള്ള അതിവേഗ മിസൈല്‍ വികസിപ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് റഷ്യ. ശബ്‍ദത്തേക്കാള്‍ 20 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര മിസൈലായ അവാന്‍ഗാര്‍ഡ് ആണ് റഷ്യ പരീക്ഷിച്ചത്. ഈ മിസൈല്‍ ഇപ്പോള്‍ റഷ്യന്‍ സൈന്യത്തിന്‍റെ ഭാഗമായതായി പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്‍ഗു അറിയിച്ചു. ഡിസംബര്‍ 27-ന് മോസ്‍കോ സമയം രാവിലെ 10 മണിക്കാണ് നിര്‍ണായകമായ സംഭവമുണ്ടായതെന്ന് ഷോയ്‍ഗു പറഞ്ഞു. 2018 മാര്‍ച്ചിലാണ് പുടിന്‍ അവാന്‍ഗാര്‍ഡ് മിസൈല്‍ പരീക്ഷണം പ്രഖ്യാപിച്ചത്.
രണ്ട് മെഗാടണ്‍ വരെ ഭാരമുള്ള ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് അവാന്‍ഗാര്‍ഡ് മിസൈല്‍. ആണവായുധം വഹിച്ച് ഒരു ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ശബ്‍ദത്തേക്കാള്‍ 20 മടങ്ങ് വേഗത്തിലാണ് മിസൈല്‍ സഞ്ചരിക്കുക. സാധാരണ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കുന്നതു പോലെ തന്നെയാണ് അവാന്‍ഗാര്‍ഡും വിക്ഷേപിക്കുക. എന്നാല്‍ ഇത് ക്രൂസ് മിസൈല് പോലെയാണ് സഞ്ചരിക്കുക.
ചരിത്രനേട്ടമാണ് റഷ്യ കൈവരിച്ചതെന്നാണ് ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയത്തിനുശേഷം പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ പ്രതികരിച്ചത്. ഇപ്പോഴത്തെയും ഭാവിയിലെയും മിസൈൽ പ്രതിരോധ സംവിധാനത്തെ മുഴുവന്‍ സ്വാധീനിക്കുന്നതാണ് അവാന്‍ഗാര്‍ഡ് മിസൈലെന്നും പുടിന്‍ പറഞ്ഞു. ”റഷ്യ ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. മറ്റു രാഷ്ട്രങ്ങള്‍ ഞങ്ങള്‍ക്കൊപ്പം എത്താനുള്ള ശ്രമം നടത്തുകയാണ്.” – പുടിന്‍ പറഞ്ഞു.
ലോകത്ത് നിലവിലുള്ള മിസൈല്‍ വേഗ സംവിധാനത്തെയെല്ലാം വെല്ലുവിളിക്കുന്നതായിരിക്കും അവാന്‍ഗാര്‍ഡ് എന്നാണ് റിപ്പോര്‍ട്ട്. ചൈന സമാനമായ പരീക്ഷണങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2022-ല്‍ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്താനാണ് അമേരിക്കയുടെ പദ്ധതി. അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും വെല്ലുവിളിയാകുന്നതാണ് റഷ്യയുടെ പുതിയ മിസൈല്‍. എന്നാൽ അവാന്‍ഗാര്‍ഡ് മിസൈലിന്‍റെ മികവിനെക്കുറിച്ചും പ്രാപ്‍തിയെക്കുറിച്ചുമുള്ള റഷ്യയുടെ അവകാശവാദം വിശ്വസനീയമല്ലെന്നാണ് യുഎസ് പ്രതികരിച്ചത്.
Content highlight; Russia deploys Avangard hypersonic missile; it’s a milestone says, Putin