എം.ജി വി.സിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതിയുമായെത്തിയ വിദ്യാര്‍ഥിയെ ബലംപ്രയോഗിച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തു 

deepa p mohan under arrest

എം.ജി സര്‍വകലാശാല വി.സി സാബു തോമസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ ഗവേഷണ വിദ്യാര്‍ഥി ദീപ പി. മോഹനെ ബലംപ്രയോഗിച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തു. ദലിത് വിദ്യാര്‍ഥിയായതുകൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥിയുടെ പരാതി.

വൈസ് ചാന്‍സലര്‍ സാബു തോമസ് മേധാവിയായിരുന്ന നാനോ ടെക്നോളജി വകുപ്പില്‍ 10 വര്‍ഷമായി ഗവേഷണം നടത്തി വരുന്ന വിദ്യാര്‍ഥിയാണ് ദീപ മോഹന്‍. ഗവേഷണം നീണ്ടു പോകാന്‍ കാരണം വി.സി സാബു തോമസ് ആണെന്ന് ദീപ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദീപ മുന്‍ ഗവര്‍ണര്‍മാര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. കൂടാതെ ദീപ നല്‍കിയ ഹർജി കോടതിയുടെ പരിഗണനയിലുമാണ്

മാര്‍ക്ക്ദാന വിവാദത്തില്‍ കാര്യങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാനോ ടെക്നോളജി വകുപ്പില്‍ രഹസ്യ സന്ദര്‍ശനത്തിനായി ഇന്ന് ക്യാമ്പസില്‍ എത്തിയപ്പോഴാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കാനായി ദീപ എത്തിയത്.

എന്നാല്‍, പൊലീസ് ദീപയെ ബലം പ്രയോഗിച്ച്‌ കസ്റ്റഡിലെടുത്ത് ഗാന്ധി നഗര്‍ സ്റ്റേഷനില്‍ കരുതല്‍ തടങ്കലിലാക്കുകയായിരുന്നു. എം.ജി വി.സി തന്നെ ദ്രോഹിക്കുകയാണെന്ന് ദീപ മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറെ കാണാനായി കാത്തിരിക്കുമ്പോഴാണ് പൊലീസ് ബലം പ്രയോഗിച്ച്‌ കസ്റ്റഡിയിലെടുത്തതെന്നും ദീപ വ്യക്തമാക്കി. സ്റ്റേഷനിലെത്തിയ ദീപയുടെ കൈ പിടിച്ച്‌ വലിച്ചിഴച്ചിക്കുന്നതിന്‍റെയും തുടര്‍ന്ന് ദീപ തന്നെ ദ്രോഹിക്കരുതെന്നും പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Content highlight; Deepa P Mohan under police custody