പൗരത്വ പ്രതിഷേധം: കണ്ണൻ ഗോപിനാഥൻ ആഗ്രയിൽ കസ്റ്റഡിയിൽ

kannan gopinath

പൗരത്വ നിയമഭേദഗതിയ്ക്കെതിരെ പ്രതിഷേധത്തിലെ സജീവ സാന്നിധ്യമായ കണ്ണൻ ഗോപിനാഥൻ അറസ്റ്റിൽ. ആഗ്രയ്ക്ക് സമീപം ഉത്തര്‍ പ്രദേശ് അതിര്‍ത്തിയിൽ വെച്ച് അലിഗഡ് സർവകലാശാലയിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ മുംബൈ പൊലീസും കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു.

അറസ്റ്റിലായ വിവരം കണ്ണൻ ഗോപിനാഥൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും അതുകൊണ്ടാണ് കസ്റ്റഡിയിലെടുക്കുന്നതെന്നും കാണിച്ച് പോലീസ് തനിക്ക് ഒരു നോട്ടീസ് കൈമാറിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു. പോലീസ് തന്നോട് മാന്യമായാണ് പെരുമാറുന്നതെന്നും ഉത്തരവ് അനുസരിക്കുക മാത്രമാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്ന് അവര്‍ തന്നോട് പറഞ്ഞെന്നും കണ്ണൻ ഗോപിനാഥൻ അറിയിച്ചു. തന്നെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റുന്നുവെന്ന് അദ്ദേഹം അറിയിച്ചെങ്കിലും പിന്നീട് ഒരു ഹോട്ടലിലേയ്ക്ക് മാറ്റുകയാണെന്ന് പിന്നാലെ ട്വീറ്റ് വന്നു.

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിലെ ശക്തമായ സാന്നിധ്യമാണ് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ. ഉത്തരേന്ത്യയിലടക്കം നടക്കുന്ന നിരവധി പ്രതിഷേധങ്ങളിൽ കണ്ണൻ ഗോപിനാഥൻ പങ്കെടുത്തിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് പൂനെയിൽ ഒരു പരിപാടിയിൽ സംസാരിക്കാനിരിക്കെ ആയിരുന്നു അറസ്ററ്.

കേന്ദ്രസര്‍ക്കാരിന്‍റെ കശ്മീരിലെ രാഷ്ട്രീയ നടപടിയിലും കശ്മീരിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസ് പദവി രാജിവെച്ചത്. രാജ്യത്ത് തെറ്റായ കാര്യങ്ങള്‍ സംഭവിച്ചിട്ടും മിണ്ടാതിരിക്കുന്നവരാണ് രാജ്യദ്രോഹികള്‍ എന്നായിരുന്നു കണ്ണൻ ഗോപിനാഥന്‍റെ വിമര്‍ശനം. അതേസമയം, കണ്ണൻ ഗോപിനാഥൻറെ രാജി സ്വീകരിക്കാൻ തയ്യാറാകാതിരുന്ന കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കുകയും അതിന് മറുപടി നല്‍കണമെന്ന് അറിയിക്കുകയുമായിരുന്നു. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണൻ ഗോപിനാഥൻ ദാദ്ര നഗര്‍ ഹവേലിയിലെ കളക്ടറുമായിരുന്നു.

Content highlights: Former IAS officer Kannan Gopinath in up police custody