മ​ഹാരാഷ്​ട്ര വകുപ്പ് വിഭജനം; ആദിത്യ താക്കറെക്ക്​ ടൂറിസം, അജിത്​ പവാറിന്​ ധനകാര്യം

മഹാരാഷ്ട്രയിലെ മഹാസഖ്യ സര്‍ക്കാരിന്റെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. സുപ്രധാന വകുപ്പുകളില്‍ മിക്കതും എന്‍സിപിക്കാണുള്ളത്. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു കൊണ്ടുള്ള പട്ടികയ്ക്ക് ഗവര്‍ണര്‍ ഭഗത്‌സിങ് കോശിയാരി അംഗീകാരം നല്‍കി. ഇതുപ്രകാരം ഉദ്ധവ്​ താക്കറെയുടെ മകനും വറോളി എം.എൽ.എയുമായ ആദിത്യ താക്കറെക്ക്​ വിനോദസഞ്ചാരവും പരിസ്ഥതി വകുപ്പും ലഭിക്കും. ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത്​ പവാറിന്​ ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകളുടെ ചുമതലയായിരിക്കും ഉണ്ടാവുക.

എൻ.സി.പിയിലെ അനിൽ ദേശ്​മുഖായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്. സേനയിലെ ഏക മുസ്​ലിം എം.എൽ.എയായ അബ്​ദുൽ സത്താറിന്​ റവന്യ വകുപ്പിലെ സഹമന്ത്രിസ്ഥാനവും, മുതിർന്ന കോൺഗ്രസ്​ നേതാവ്​ ബാലേസാഹിബ്​ തോറാട്ടിന്​ റവന്യു വകുപ്പും സേനയിലെ​ ഏകനാഥ്​ ഷിൻഡെക്ക്​ നഗര വികസ വകുപ്പും ലഭിക്കും. നവംബർ 28നാണ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രിയായി ഉദ്ധവ്​ താക്കറെ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തത്. ഡിസംബർ 30നായിരുന്നു മഹാരാഷ്​ട്രയിലെ ആദ്യഘട്ട മന്ത്രിസഭാ വികസനം.