പോക്‌സോ കേസിലെ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടന ഉപവാസ സമരത്തിന് തുടക്കം കുറിച്ചു. ഹിമായത്തുള്‍ സ്‌കൂളിലെ ബോട്ടണി അധ്യാപകനായ പി കൃഷ്ണനെതിരെയാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഒരുമാസം മുമ്പ് പരാതി നല്‍കിയത്. സംഭവത്തില്‍ ഇതുവരെ തുടര്‍ നടപടി ഇല്ലാത്ത സാഹചത്തിലാണ് വിദ്യാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്. ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശം അയച്ചു, ശരീരത്തില്‍ കയറി പിടിച്ചു തുടങ്ങിയ ആരോപണങ്ങളുമായി 15 പെണ്‍കുട്ടികള്‍ കമ്മീഷണര്‍ക്ക് നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി. പിന്നാലെ അധ്യാപകനെ സ്കൂള്‍ മാനേജ്മെൻ്റ് സസ്പെന്‍ഡ് ചെയ്തു. ഇതിനിടെ ഒളിവില്‍ പോയ അധ്യാപകനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾക്ക് പാസ്പോർട്ട് ഉള്ളതായി പൊലീസ് കണ്ടെത്തി. അതേസമയം അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യാത്ത പക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെ സംഘടിപ്പിക്കാനാണ് സ്കൂള്‍ പിടിഎയുടെ തീരുമാനം.
Content highlight: students go on strike for the arrest of plus two teachers who sexually misused his students