സ്വവർഗപ്രണയത്തിൻറെ പേരിൽ ഓസീസ് സഹതാരത്തെ അധിക്ഷേപിച്ചു; സ്റ്റോയ്‌നിസിന് വൻ തുക പിഴ

Marcus Stoinis

ബിഗ് ബാഷ് ലീഗ് മത്സരത്തിനിടെ എതിര്‍ താരത്തെ അധിക്ഷേപിച്ച ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്‌റ്റോയ്‌നിസിന് വൻ തുക പിഴ ചുമത്തി. ഓസ്‌ട്രേലിയന്‍ ടീമിലെ സഹതാരമായ കെയ്ന്‍ റിച്ചാഡ്‌സണെ സ്വവര്‍ഗപ്രണയവുമായി ബന്ധപ്പെടുത്തി അധിക്ഷേപിച്ചതിനാണ് 5000 ഡോളര്‍(ഏകദേശം 3.5 ലക്ഷം രൂപ) പിഴ ശിക്ഷ നല്‍കിയത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കഴിഞ്ഞ ദിവസം നടന്ന മെല്‍ബണ്‍ ഡര്‍ബിയും റെനെഗഡ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നതെന്നും തന്നില്‍ നിന്നും അത് സംഭവിച്ചുപോയതാണെന്നും സ്റ്റോയ്‌നിസ് പറഞ്ഞു. കെയ്‌നിനോടും. അമ്പയര്‍മാരോടും അപ്പോള്‍ത്തന്നെ ക്ഷമ ചോദിക്കുകയും താന്‍ ചെയ്തത് തെറ്റാണെന്നും അതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും സ്റ്റോയ്‌നിസ് വ്യക്തമാക്കി. ഐപിഎല്‍ ലേലത്തില്‍ വലിയൊരു തുക ലഭിച്ച താരങ്ങളിലൊരാളാണ് സ്റ്റോയ്‌നിസ്. ബിഗ്ബാഷ് ലീഗില്‍ ഇത്തവണ 281 റണ്‍സുമായി ടോപ് സ്‌കോറർ കൂടിയാണ് ഇദ്ദേഹം. എന്നാല്‍ ദേശീയ ടീമില്‍ നിന്നും ഇന്ത്യയില്‍ ജനുവരിയില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ നിന്നും താരത്തെ പുറത്താക്കിയിരിക്കുകയാണ് ഇപ്പോൾ.

Content Highlights: Marcus stoinis fined for homophobic slur during big bash league