ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു

Sultan Qaboos of Oman

അറബ് ലോകത്ത് ഏറ്റവും അധിക കാലം രാഷ്​ട്ര നായകത്വം വഹിച്ച പ്രിയ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 79 വയസായിരുന്നു.

അധികാരത്തി​ലേറി അമ്പതാം വര്‍ഷത്തിലാണ്​ മരണം. സുല്‍ത്താൻ ഖാബൂസിൻറെ വിയോഗത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത്​ മൂന്ന്​ ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുഖാചരണത്തി​​ന്‍റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലടക്കം നാല്പത് ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തി കെട്ടും.

ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23-നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. അവിവാഹിതനാണ്. മക്കളില്ലാത്ത സുല്‍ത്താ​​ന്‍റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിന് നടപടിക്രമങ്ങള്‍ക്ക്​ തുടക്കമായി​. ഇതുമായി ബന്ധപ്പെട്ട്​ ഉന്നത ഡിഫന്‍സ്​ കൗണ്‍സിലും റോയല്‍ ഫാമിലി കൗണ്‍സിലും സംയുക്​ത യോഗം ചേര്‍ന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. മൂന്ന് ദിവസങ്ങള്‍ക്കകം റോയല്‍ ഫാമിലി കൗണ്‍സില്‍ പിന്‍ഗാമിയെ തെരഞ്ഞെടുക്കും. അറബ് ലോകത്തെ സമാധാനത്തി​​​ന്‍റെ സന്ദേശവാഹകനായ സുല്‍ത്താ​​​ന്‍റെ നിര്യായാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം വിവിധ ലോകനേതാക്കള്‍ അനുശോചിച്ചു.

ഖാബൂസ്​ അധികാരമേല്‍ക്കു​മ്പോള്‍ ലോക ഭൂപടത്തില്‍ ഒട്ടും തന്നെ അറിയപ്പെടാതിരുന്ന രാജ്യമായിരുന്നു ഒമാന്‍. ഒരു ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയും കാഴ്ചപ്പാടുകളും ഒരു രാജ്യത്തെ മാറ്റിമറിക്കുന്ന അത്യപൂര്‍വമായ കാഴ്​ചകള്‍ക്കാണ്​ തുടര്‍ന്നുള്ള അമ്പത്​ വര്‍ഷകാലം ഒമാന്‍ സാക്ഷ്യം വഹിച്ചത്​. മറ്റുള്ള അറബ് രാജ്യങ്ങളെ പോലെ എണ്ണയാല്‍ സമൃദ്ധമല്ലെങ്കിലും വികസനത്തി​​ന്‍റെയും വളര്‍ച്ചയുടെയും സ്​ഥിരതയുടെയും കാര്യത്തില്‍ ഒമാനെ മറ്റ്​ വികസിത രാജ്യങ്ങള്‍ക്ക്​ ഒപ്പമെത്തിക്കാന്‍ സുല്‍ത്താന്​ സാധിച്ചു. ജീവിതനിലവാരവുമായി ബന്ധപ്പെട്ട ആഗോള സൂചികകളില്‍ എല്ലാം തന്നെ ഒമാ​​​ന്‍റെ സ്​ഥാനം ഇന്ന്​ ലോകരാഷ്​ട്രങ്ങള്‍ക്കിടയില്‍ മുന്‍നിരയിലാണ്​. സമാധാനത്തി​​​ന്‍റെയും സുരക്ഷയുടെയും വിഷയത്തില്‍ അറബ്​ രാഷ്​ട്രങ്ങളുടെ മുന്‍നിരയിലാണ്​ ഒമാന്‍.

സുല്‍ത്താ​​​ന്‍റെ ഭരണത്തില്‍ ഒരേ സമയം പടിഞ്ഞാറന്‍ രാജ്യങ്ങളോടും അയല്‍ രാജ്യങ്ങളോടും ഏഷ്യന്‍ രാജ്യങ്ങളോടും അടുത്ത ബന്ധം പുലര്‍ത്തുന്ന രീതിയിലുള്ള വിദേശ നയമാണ്​ ഒമാന്‍ രൂപപ്പെടുത്തിയെടുത്തത്​. അതുവഴി മേഖലയിലും അന്താരാഷ്​ട്ര തലത്തിലും സമാധാനത്തി​​​ന്‍റെ സന്ദേശവാഹകനായി മാറാന്‍ സുല്‍ത്താനും ഒമാനും സാധിച്ചു. 2015ല്‍ ഇറാനും അമേരിക്കയും വന്‍ ശക്​തി രാഷ്​ട്രങ്ങളുമായുള്ള ആണവകരാര്‍ യാഥാര്‍ഥ്യമാകുന്നത്​ സുല്‍ത്താ​​​ന്‍റെ നേതൃത്വത്തെ തുടര്‍ന്നാണ്​. യമനില്‍ പരസ്​പരം പോരടിക്കുന്ന ഇരു കക്ഷികളുമായും നല്ല ബന്ധം പുലര്‍ത്തുന്ന ഒമാ​​​ന്‍റെ ഇടപെടലിനെ തുടര്‍ന്ന്​ മലയാളിയായ ഫാദര്‍ ടോം ഉഴുന്നാലില്‍ അടക്കം നിരവധി ബന്ദികളെ മോചിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്​. യമന്‍, സിറിയന്‍ ആഭ്യന്തര യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഐക്യരാഷ്​ട്ര സഭയുടെ ശ്രമങ്ങളില്‍ സുപ്രധാന പങ്കാളിയുമാണ്​ ഒമാന്‍. സ്വതന്ത്ര ഫലസ്​തീന്‍ രാഷ്​ട്രം യാഥാര്‍ഥ്യമാക്കുന്നതിന്​ സജീവമായി പരിശ്രമിച്ച വ്യക്​തിയാണ്​ സുല്‍ത്താന്‍ ഖാബൂസ്​. രോഗബാധയെ തുടര്‍ന്ന്​ സുല്‍ത്താന്‍ 2014ല്‍ ജര്‍മനിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന്​ ഒരു വര്‍ഷത്തിന്​ ശേഷമാണ്​ തിരിച്ചെത്തിയത്​.

Content highlights: Sultan Qaboos of Oman dies aged 79