പൗരത്വ നിയമ ഭേദഗതി; പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലുമെന്ന് ഭീഷണിയുമായി ബി.ജെ.പി നേതാവ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലുമെന്ന് ഭീഷണിയുമായി പശ്ചിമ ബംഗാള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ബംഗാളിൽ പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ റെയില്‍‌വേ ആസ്തികളും,​ പൊതുഗതാഗതവും നശിപ്പിച്ചവര്‍ക്കെതിരെ ലാത്തിച്ചാര്‍ജിനും വെടിവെയ്പ്പിനും ഉത്തരവിടാൻ തയ്യാറാവാതിരുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ദിലീപ് ഘോഷ് വിമര്‍ശിച്ചു. വോട്ടര്‍മാരായതിനാല്‍ മമത പ്രതിഷേധക്കാര്‍ക്കെതിരെ ഒരക്ഷരം പോലും മിണ്ടുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.

പൊതുമുതല്‍ തീയിടുന്നവരുടെ അച്ഛൻറെ സ്വത്തായാണോ കരുതുന്നതെന്നും നികുതിദായകരുടെ പണത്തില്‍ നിര്‍മ്മിച്ച സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കുവാന്‍ പ്രതിഷേധക്കാരെ എങ്ങനെ അനുവദിക്കുമെന്നുമുള്ള ചോദ്യങ്ങളും ഘോഷ് ഉയർത്തിയിരുന്നു.

ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക സര്‍ക്കാരുകള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ വെടിയുതിര്‍ത്താണ് നേരിട്ടത്. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ തോക്കുകൊണ്ട് തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് രണ്ട് കോടി മുസ്ലീം നുഴഞ്ഞുകയറ്റക്കാരുണ്ടെന്നും അതില്‍ ഒരു കോടി പശ്ചിമ ബംഗാളിലാണ് ഉള്ളതെന്നും അവരെ മമത ബാനര്‍ജി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Content highlight; CAA protest; The BJP leader has threatened to kill those who destroy public property like dogs