‘ഞങ്ങളെ ഈ രാജ്യത്തെ പൗരന്മാരായി കണക്കാക്കാന്‍ കഴിയുന്നില്ലെങ്കില്‍, വിവേചനം നേരിടാത്ത ഒരു രാജ്യത്തേക്ക് നാടുകടത്തണം’ രാഷ്ട്രപതിയോട് യാചിച്ച്‌ ഉനയിലെ ഇരകള്‍

una case victims

പശുവിനെ കൊന്നുവെന്ന് ആരോപിച്ച്‌ ഉനയിലെ ദലിതര്‍ക്ക് നേരെ ഒരുസംഘം അക്രമികള്‍ നടത്തിയ അതിക്രമം രാജ്യം ഒന്നടങ്കം ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ, ക്രൂര മര്‍ദനത്തിന് ഇരയായ ഏഴു പേരില്‍ ഒരാള്‍ തന്നെയും തന്റെ സഹോദരങ്ങളെയും വിവേചനം നേരിടാത്ത ഒരു രാജ്യത്തേക്ക് നാടുകടത്തണമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് യാചിച്ചിരിക്കുകയാണ്. വക്രം സര്‍വയ്യ എന്നയാളാണ് നാടുകടത്തണമെന്ന് രാഷ്ട്രപതിയോട് യാചിച്ചത്. ജനുവരി ഏഴിന് ഉനയുടെ ഗിര്‍-സോംനാഥ് ജില്ലാ കലക്ടറേറ്റ് ഓഫീസിലെ കോര്‍ഡിനേറ്റീവ് യൂണിറ്റിനാണ് വശ്രം സര്‍വയ്യ അപേക്ഷ നല്‍കിയത്. ഇന്ത്യയിലെ പൗരന്മാരെപ്പോലെയല്ല തങ്ങളെ പരിഗണിക്കുന്നതെന്ന് വശ്രം സര്‍വയ്യ പറഞ്ഞു.

2016 ജൂലൈ 11 നായിരുന്നു ഉനയിലെ ദലിതര്‍ക്ക് നേരെ അക്രമിസംഘം അതിക്രമം നടത്തിയത്. ചത്ത കന്നുകാലികളുടെ തൊലിയുരിക്കല്‍ ഇവരുടെ പരമ്പരാഗത തൊഴിലിന്റെ ഭാഗമായിരുന്നു. എന്നാല്‍ പശുവിനെ ഇവര്‍ കൊന്നുവെന്ന് ആരോപിച്ച്‌ ഗോരക്ഷാപ്രവര്‍ത്തകരും സവര്‍ണ്ണ വിഭാഗത്തിലെ 40 ഓളം പേരും ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെതിരെ രാജ്യത്ത് ഒന്നടങ്കം പ്രതിഷേധമുയര്‍ന്നിരുന്നു. ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ നടന്ന ദലിത് മഹാറാലി രാജ്യത്ത് വന്‍ ചലനങ്ങളുണ്ടാക്കിയിരുന്നു.

തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ ആക്രമണത്തില്‍ ഇരകളായ എല്ലാവര്‍ക്കും വലിയ വാഗ്ദാനങ്ങളാണ് നല്‍കിയിരുന്നത്. ഉന സംഭവം ഞങ്ങളുടെ മൗലികാവകാശങ്ങളും പരമ്പരാഗത തൊഴിലുകളും നഷ്ടപ്പെടുത്തിയെന്നും, ഇപ്പോള്‍ ഞങ്ങള്‍ ഈ രാജ്യത്തിൻ്റെ ഭാഗമല്ല എന്ന മട്ടിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവർ പറഞ്ഞു. ഞങ്ങളെ ഈ രാജ്യത്തെ പൗരന്മാരായി കണക്കാക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഞങ്ങളുടെ പൗരത്വം റദ്ദ് ചെയ്ത്, വിവേചനം നേരിടാത്ത ഒരു രാജ്യത്തേക്ക് ഞങ്ങളെ നാടുകടത്തണമെന്നും സര്‍വയ്യ അഭ്യർത്ഥിച്ചു.

ഒരു മാസത്തിനുള്ളില്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആനന്ദിബെന്നോ ഒരു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയോ അവരെ കാണുകയൊ വാഗ്ദാനങ്ങള്‍ പാലിക്കുകയോ ചെയ്തില്ലെന്നും ഇരകൾ വ്യക്തമാക്കി. അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ രാഷ്ട്രപതിക്ക് കഴിയുന്നില്ലെങ്കില്‍ ദയാവധം തെരഞ്ഞെടുക്കാന്‍ അനുവദിക്കണമെന്നും അപേക്ഷ പരിഗണിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭവന് പുറത്ത് ആത്മഹത്യ ചെയ്യുമെന്നും സര്‍വയ്യ പറഞ്ഞു

Content Highlights: una case victim asks president to deport them to country where they will not face discrimination