ഓസ്ട്രേലിയയിലുണ്ടായ കാട്ടുതീയില്‍ നിന്നുള്ള പുക ഭൂമിയുടെ അന്തരീക്ഷത്തിലെ രണ്ടാമത്തെ പ്രധാന പാളിയായ ‘സ്ട്രാറ്റോസ്ഫിയറില്‍’ എത്തിയെന്ന് നാസയുടെ കണ്ടെത്തല്‍. പുക ലോകമെമ്പാടും ഒരു മുഴുവന്‍ പരിഭ്രമണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്യത്തിന് മുകളിലൂടെ ആകാശത്തേക്ക് മടങ്ങിവരുമെന്നും നാസ പറയുന്നു.
ജനുവരി എട്ടോടെ പുക തെക്കേ അമേരിക്കയിലെത്തി ചില പ്രദേശങ്ങളില്‍ ആകാശം മങ്ങിയതായും വര്‍ണ്ണാഭമായ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും കാരണമാവുകയും ചെയ്തുവെന്ന് ബഹിരാകാശ ഏജന്‍സി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഓസ്ട്രേലിയയില്‍ നൂറുകണക്കിന് തീപിടുത്തങ്ങളില്‍ ദശലക്ഷക്കണക്കിന് ഹെക്ടര്‍ വനം കത്തി നശിച്ചു. 28 പേര് മരിക്കുകയും, രണ്ടായിരത്തോളം വീടുകള്‍ കത്തിനശിക്കുകയും ഒരു ബില്യണിലധികം മൃഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു.
കനത്ത ചൂടും വരണ്ട കാലാവസ്ഥയുമാണ് തീ പടരുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്. ലോകത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം ഓസ്ട്രേലിയയില്‍ ഇത്തരം അവസ്ഥകള്‍ കൂടുതല്‍ സാധാരണമാകാന്‍ സാധ്യതയുണ്ടെന്ന് ജര്‍മ്മനിയിലെ പോട്സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെ സ്റ്റെഫാന്‍ റഹംസ്റ്റോര്‍ഫ് പറഞ്ഞു.
നാസയുടെ അഭിപ്രായത്തില്‍, വരണ്ടതും ചൂടുള്ളതും അപൂര്‍വങ്ങളില്‍ അപൂര്‍വമായ ‘പെറോകുമുലോനിംബസ്’ അഥവാ തീ തുപ്പുന്ന മേഘവ്യാളി രൂപപ്പെടാൻ കാരണമായി. കാട്ടുതീയെത്തുടര്‍ന്നു മുകളിലേക്കുയരുന്ന കനത്ത പുകയാണ് തണുത്തുറഞ്ഞ് പൈറോക്യുമുലോനിംബസ് മേഘങ്ങളായി മാറുന്നത്. ഏറെ നശീകരണ പ്രവണതയുള്ളവയും ഒരു മേഖലയിലെ കാലാവസ്ഥയെ ഇല്ലാതാക്കാനും ശേഷിയുള്ളതാണ് ‘പൈറോക്യുമുലോനിംബസ്’ എന്ന മേഘപടലം.
ഇവ മഴയുണ്ടാക്കുന്നതിനേക്കാൾ കൂടുതലായി കൊടുങ്കാറ്റും ഇടിമിന്നലുമാണ് സൃഷ്ടിക്കുന്നത്. ഇടിമിന്നല്‍ വഴി പുതിയ ഇടങ്ങളില്‍ കാട്ടുതീ സൃഷ്ടിക്കപ്പെടുമ്പോള്‍ കൊടുങ്കാറ്റ് തീക്കനലുകള്‍ പടരാന്‍ സഹായിക്കുന്നു. മാധ്യമങ്ങള്‍ ‘ഡെഡ്ലി കോംബിനേഷന്‍’ എന്നു വിശേഷിപ്പിക്കുന്ന അപൂര്‍വ പ്രതിഭാസത്തിനും പൈറോക്യുമുലോനിംബസ് മേഘം കാരണമാകുന്നുവെന്ന് നാസയുടെ പ്രസ്താവിച്ചു.
ഇത്തരം മേഘങ്ങളുടെ രൂപീകരണം സാധാരണമാണെങ്കിലും, കാലാവസ്ഥാ നിരീക്ഷകന് മൈക്കള്‍ ഫ്രോമും യുഎസ് നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ സഹപ്രവര്‍ത്തകരും 2019 ഡിസംബര്‍ അവസാന വാരത്തിലും 2020 ആദ്യ ആഴ്ചയിലും 20 ലധികം അഗ്നിബാധയുള്ള കൊടുങ്കാറ്റുകള്‍ കണ്ടെത്തിയിരുന്നു.
ഓസ്ട്രേലിയയില്‍ ഉണ്ടായ ഏറ്റവും തീവ്രമായ പെറോകുമുലോനിംബസ് കൊടുങ്കാറ്റ് ആണെന്ന് ഫ്രോം പറഞ്ഞു. മധ്യരേഖയ്ക്ക് 6.2 മൈല്‍ മുകളിൽ സ്ട്രാറ്റോസ്ഫിയറിലെത്തുന്നു. ലോകമെമ്പാടും പുക പടരാന്‍ വഴിയൊരുക്കും. ഇപ്പോൾ ഓസ്ട്രേലിയയ്ക്ക് മുകളിലൂടെ സ്ട്രാറ്റോസ്ഫിയറിലേക്ക് എത്തിയിരിക്കുകയാണ്. സ്ട്രാറ്റോസ്ഫിയറിലേക്ക് എത്തിയ പുകയുടെ അളവ് അടുത്ത ദശകങ്ങളില്‍ നിരീക്ഷിച്ചതില്‍ വച്ച് കൂടുതലാണ്. പുക മാസങ്ങളോളം അവിടെ തുടർന്ന് അതിന്റെ ഉറവിടത്തില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച് ആഗോളതലത്തില്‍ അന്തരീക്ഷത്തെ ബാധിക്കുകയും ചെയ്യുമെന്ന് നാസ വെളിപ്പെടുത്തി.
നാസയുടെ കണക്കനുസരിച്ച് ചില പ്രദേശങ്ങളില്‍ വായുവിന്റെ ഗുണനിലവാരം മോശമാണെന്നും പര്‍വതശിഖരങ്ങളില്‍ ഇരുണ്ട മഞ്ഞുവീഴ്ചയുണ്ടായതായും പറയുന്നു. രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് നൂറിലധികം തീപിടുത്തങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Content highlight; Dense smoke from Australia fires reaches the stratosphere