മുംബൈയിലെ ചേരിപ്രദേശമായ ആംബിവ്ലിയിലെ കുടിലിൽ കഴിയുന്ന കൂലിപ്പണിക്കാരനായ യുവാവിന് ഒരു കോടി രൂപയുടെ ആദായനികുതി നോട്ടീസ്. ഭാവുസാഹേബ് അഹിരോ എന്ന യുവാവിനാണ് 1.05 കോടിയുടെ ആദായനികുതി നോട്ടീസ് ലഭിച്ചത്. ഇതേ തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.
നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് അഹിരേയ്ക്ക് ആദ്യം നോട്ടീസ് ലഭിച്ചത്. ജനുവരിയിലും നോട്ടീസ് ലഭിച്ചതോടെ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. നോട്ടുനിരോധന സമയത്ത് അഹിരേയുടെ അക്കൗണ്ടിൽ 58 ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് യുവാവിന് നോട്ടീസ് നൽകിയത്. മതിയായ രേഖകളില്ലാതെ നിക്ഷേപിച്ച പണത്തിനുള്ള നികുതിയായി 1.05 കോടി രൂപ അടയ്ക്കാനാണ് നിർദേശം. തുടർന്ന് ബാങ്കിനെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല.
മറ്റൊരു വ്യക്തിയുടെ ഫോട്ടോയ്ക്കും ഒപ്പിനുമൊപ്പം അഹിരേയുടെ പാൻകാർഡ് ഉപയോഗിച്ചാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയതെന്ന് പരിശോധനയിൽ വ്യക്തമായി. എന്നാൽ ആരാണ് അക്കൗണ്ട് ഉപയോഗിച്ച് പണമിടപാട് നടത്തിയതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
മുംബൈയ്ക്കടുത്ത് ആംബിവ്ലിയിൽ ഭാര്യാപിതാവിൻറെ കുടിലിൽ താമസിക്കുന്ന അഹിരേക്ക് ദിവസം 300 രൂപ മാത്രമാണ് കൂലി. സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും അഹിരേ പറയുന്നു. 1.05 കോടി രൂപ നികുതിയടയ്ക്കണമെന്ന നോട്ടീസ് ജനുവരി ഏഴിനാണ് ലഭിച്ചത്. അഹിരേയുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content highlights: daily wage worker get one crore rupees income tax notice