അതിർത്തി കടന്ന് വന്നത് ഗുണനിലവാരമില്ലാത്ത 2484 ലിറ്റർ പാൽ

low-quality milk

മലയാളിക്ക് കുടിക്കാൻ അതിർത്തി കടന്നെത്തിയത് ഗുണ നിലവാരമില്ലാത്ത 2484 ലിറ്റർ പാൽ. മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തിയ ഗുണനിലവാരമില്ലാത്ത പാൽ പിടികൂടിയത്. ദിണ്ഡിഗല്ലിൽ നിന്നും കൊണ്ടുവന്ന 2484 ലിറ്റർ പാലാണ് ക്ഷീരവികസന വകുപ്പ് അധികൃതർ പിടികൂടിയത്. അറ്റ്മോസ് ഫാം ഫ്രഷ് മില്‍ക്ക് എന്ന കമ്പനിയുടെ പാലാണ് പിടികൂടിയത്. പാലിൽ ആവശ്യത്തിനുള്ള കൊഴുപ്പോ കൊഴുപ്പിതര പദാർത്ഥങ്ങളോ ഇല്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. നൂറുകണക്കിന് പാക്കറ്റുകളിലായി കണ്ടെയ്നറിൽ കൊണ്ടുവരികയായിരുന്ന പാൽ ചെക്ക് പോസ്റ്റിൽ തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു.

ഇതിന് മുമ്പ് ഓണത്തിനോട് അനുബന്ധിച്ചും വന്‍ തോതില്‍ ഗുണനിലവാരമില്ലാത്ത പാല്‍ മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ക്ഷീര വികസന വകുപ്പ് ഓഫീസർ അഭിജിത്തിൻറെ നേതൃത്വത്തിലാണ് പാൽ പിടികൂടിയത്. കഴിഞ്ഞ ദിവസവും തമിഴ്നാട്ടിൽ നിന്നും എത്തിയ ഗുണനിലവാരമില്ലാത്ത പാൽ പിടികൂടിയിരുന്നു. എന്നാൽ കേസെടുക്കാതെ ഇത് മടക്കി അയച്ചത് വിവാദമായിരുന്നു. പാലക്കാട് ജില്ലയില്‍ മീനാക്ഷിപുരത്ത് മാത്രമാണ് ക്ഷീര വികസന വകുപ്പിന് ചെക്ക്പോസ്റ്റ് ഉള്ളു.

content highlights: low-quality milk seized from Palakkad