കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ വാദത്തിനെതിരെ മുന്‍ കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം രംഗത്ത്. കേന്ദ്ര നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ഭരണഘടന ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലെന്ന് ജസ്റ്റീസ് പി സദാശിവം വ്യക്തമാക്കി. മര്യാദയുടെ ഭാഗമായി വിവരങ്ങള്‍ അറിയിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യാറുമുണ്ടെന്ന് സദാശിവം പറഞ്ഞു.
സുപ്രധാന വിഷയങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതാണ് ഉചിതം. എന്നാല്‍ കാര്യങ്ങള്‍ അറിയിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല. തൻ്റെ കാലത്ത് മന്ത്രിമാരോ ചീഫ് സെക്രട്ടറിയോ നേരിട്ടെത്തി അറിയിച്ചിരുന്നു. താന്‍ ഗവര്‍ണറായിരിക്കെ രാഷ്ട്രീയ കാര്യങ്ങളില്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിരുന്നില്ലെന്നും പി സദാശിവം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സദാശിവത്തിൻ്റെ ഈ പരാമര്‍ശം. കേന്ദ്രത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ് തന്നെ അറിയിക്കാത്തതെന്ന് കേരള ഗവർണർ ആരിഫ് ഖാൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.
Content Highlights: governor does not need to be informed of the day to day matters says justice p sathasivam








