യുഎഇയില്‍ രണ്ട് പ്രവാസി വനിതകളെ മുറിക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍ദുബായിലെ ഒരു വില്ലയിലാണ് സംഭവം. വീട്ടുജോലിക്കാരായ ഇവര്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യക്കാരായ രണ്ടു വനിതകളെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മുറിയ്ക്കുള്ളില്‍ തണുപ്പ് നിയന്ത്രിക്കുന്നതിനായി ചാര്‍ക്കോള്‍ കത്തിച്ച് തീയുണ്ടാക്കിയിരുന്നു. ഇതില്‍ നിന്നുണ്ടായ കാര്‍ബണ്‍ മോണോക്സൈഡ് മുറിയ്ക്കുള്ളില്‍ തങ്ങി നിന്നതാണ് അപകട കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
പുറമെ നിന്നുള്ള ശബ്ദം പോലും അകത്തേക്ക് കടക്കാതിരിക്കാനുള്ള സൗണ്ട് ഇന്‍സുലേറ്റുകള്‍ ഘടിപ്പിച്ചിരുന്ന മുറിയിരുന്നു. ഈ മുറിയില്‍ ജനലുകളും വാതിലുകളും പൂര്‍ണമായി അടച്ചിട്ടിരുന്നതിനാല്‍ വായു സഞ്ചാരമുണ്ടായിരുന്നില്ല. രാവിലെ ഉറക്കമുണരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുടമ പരിശോധിച്ചപ്പോഴാണ് ഇരുവരെയും ബോധ രഹിതരായ കിടക്കുന്നതു കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു.
Content Highlights: two expatriate women died from carbon monoxide poisoning in UAE