കെപിസിസി ഭാരവാഹി പുതിയ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

KPCC may announce new executive committe list today

ദിവസങ്ങളായി തുടരുന്ന ചർച്ചയ്ക്ക് ശേഷം കെപിസിസിയുടെ ജംബോ പട്ടിക വെട്ടിച്ചുരുക്കി കോൺഗ്രസ് ഹെെക്കമാൻഡ്. പുതിയ ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കാനാണ് സാധ്യത. ആദ്യം നൽകിയ പട്ടികയിൽ 130 പേരായിരുന്നു ഉണ്ടായിരുന്നത്. അത് വെട്ടിച്ചുരുക്കി 45 പേർ ഉൾപ്പെട്ട പുതിയ പട്ടികയാണ് സമർപ്പിച്ചിരിക്കുന്നത്. വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനം ഒഴിവാക്കിയാണ് പുതിയ പട്ടിക. ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്നാണ് പട്ടിക വെട്ടിച്ചുരുക്കിയത്.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാടിനുള്ള പരോക്ഷ പിന്തുണ കൂടിയാണ് ഹൈക്കമാന്‍റ് നടപടിയെന്നാണ് വിലയിരുത്തൽ. പുതിയ പട്ടികയിൽ ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, പദ്മജ വേണുഗോപാൽ, ശരത്ചന്ദ്രപ്രസാദ്, പി സി വിഷ്ണുനാഥ്, ടി.സിദ്ദിഖ്, കെസി റോസക്കുട്ടി, മൺവിള രാധാകൃഷണൻ, മോഹൻ ശങ്കർ തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരാകും.

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പട്ടിക തയ്യാറാക്കിയതിൽ മേൽ സോണിയ ഗാന്ധി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, എപി അനില്‍ കുമാര്‍ എന്നീ നേതാക്കള്‍ തങ്ങളെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്നും കാണിച്ച് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. പത്ത് വൈസ് പ്രസിഡന്‍റുമാരും 20 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ പട്ടിക. പുതിയ പട്ടിക സോണിയാ ഗാന്ധി കണ്ട ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.

content highlights: KPCC may announce new executive committe list today