ദുർമന്ത്രവാദം, ആഭിചാരം തുടങ്ങിയ അന്ധവിശ്വാസങ്ങളെ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന അന്ധവിശ്വാസ നിരോധന നിയമം(കർണാടക പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ എവിൾ പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ബിൽ 2017) പ്രാബല്യത്തില്‍ വന്നു. കര്‍ണാടകയിലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
2013 ഡിസംബറില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കിയ അന്ധവിശ്വാസ നിരോധന ബില്ലിന്റെ ചുവടുപിടിച്ചാണ് കര്‍ണാടകയിൽ സംഘ്പരിവാര്‍ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2017 നവംബര്‍ 17ന് മന്ത്രിസഭ ഈ ബില്ല് പാസാക്കുന്നത്. 2020 ജനുവരി നാലുമുതല്‍ നിയമം നടപ്പാക്കി വിജ്ഞാപനമിറങ്ങിയത്.
കര്‍ണാടകയിലെ ചില ക്ഷേത്രങ്ങളില്‍ നടക്കുന്ന എച്ചിലിലയില്‍ ഉരുളല്‍ (മഡെസ്നാന), കനല് നടത്തം, ഗരുഡന് തൂക്കം, നാരീപൂജ മുതലായവയും ദുര്‍മന്ത്രവാദം, ആഭിചാര ക്രിയകള്‍ തുടങ്ങിയവയും അന്ധവിശ്വാസ നിരോധന നിയമ പരിധിയില്‍ വരുന്നുണ്ട്.
രാജ്യത്താദ്യമായി ഈ നിയമം മഹാരാഷ്ട്രയിലാണ് നിലവില്‍ വന്നത്. അന്ധവിശ്വാസ ഉന്മൂലന സമിതി സ്ഥാപകനായിരുന്ന ഡോ. നരേന്ദ്ര ദാഭോല്കറാണ് 2003ല്‍ ഒരു ബില്ല് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുന്നത്. 2013ല്‍ അദ്ദേഹം ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടും ചെയ്തു. അന്ധവിശ്വാസ നിരോധന നിയമപ്രകാരം, ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് ഏഴുവര്‍ഷം വരെ തടവും അരലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എന്നാല്‍ ജ്യോതിഷം, കൈനോട്ടം, വാസ്തു, മതപരമായ ചടങ്ങുകള്‍ തുടങ്ങിയവയെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അധികം വൈകാതെ ഈ നിയമം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരണമെന്ന് കഴിഞ്ഞവര്‍ഷം സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന് ശുപാര്‍ശ ചെയ്തിരുന്നു.
Content highlights: Anti-superstition act comes into force in Karnataka


