പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ തുടരുന്ന സമരത്തില്‍ വെടിവയ്പ്പ് ഉണ്ടായ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണറോട് സംസാരിച്ചതായും അമിത് ഷാ അറിയിച്ചു. കേന്ദ്രം ഇത്തരം സംഭവങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്നും സംഭവത്തെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും കുറ്റവാളി ശിക്ഷക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന വെടിവയ്പ്പിന് മണിക്കൂറുകള്‍ക്കുള്ളില്‍ ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ പ്രതികരണമുണ്ടായിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ വെടിവയ്പ്പില്‍ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയുടെ കൈക്കാണ് പരിക്കേറ്റത്. പോലീസിന് സമീപത്തു നിന്നും വെടിവച്ച ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത്, ഞാന്‍ തരാം എന്ന് ആക്രോശിച്ചുകൊണ്ട് വെടിവയ്ക്കുുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രാംഭക്ത് ഗോപാല്‍ എന്നയാളാണ് ആക്രമണം നടത്തിയത് എന്ന അഭ്യൂഹങ്ങളുണ്ട്.
സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തുവന്നു. എന്താണ് ഡല്‍ഹിയില്‍ നടക്കുന്നത്? ഡല്‍ഹിയിലെ നിയമവും അവസ്ഥയും വളരെ വഷളായ അവസ്ഥയിലാണുള്ളത്. ദയവു ചെയ്ത് ഡല്‍ഹിയിലെ നിയമ വ്യവസ്ഥ സംരക്ഷിക്കൂ എന്നും കെജരിവാള്‍ ട്വിറ്റ് ചെയ്തു.
ഡൽഹിയിലെ പോലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന വാദമാണ് കെജരിവാളിനെ ചൊടിപ്പിച്ചത്.
Content highlights: culprit will not be spared home minister amit shah comments on jamia firing