ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

Recommendation to return Sriram Venkataraman to service

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സർവ്വീസിൽ തിരിച്ചെടുക്കുവാൻ ശുപാർശ. ആറ് മാസകാലത്തോളം ഇയാൾ സസ്പെൻഷനിൽ ആയിരുന്നു. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരിക്കുന്നത്. കേസിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ ശുപാർശ.

അതേസമയം പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിടുകയും ചെയ്ത സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീറാമിന് അഡ്‍മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

ആഗസ്റ്റ് 3നാണ് ശ്രീറാം വെങ്കിട്ടരാമനും വഫയെന്ന യുവതിയും സഞ്ചരിച്ച കാറിടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ അന്ന് മൊഴി നല്‍കിയിരുന്നത്. എന്നാൽ ശ്രീറാമല്ല കാറോടിച്ചതെന്നും കൂടെ ഉണ്ടായിരുന്ന യുവതിയാണ് കാറോടിച്ചതുമെന്നുളള വാദങ്ങളും ഉയർന്നുവന്നിരുന്നു. കേസിനെ അട്ടിമറിക്കാൻ പോലീസ് ഉദ്യോഗസ്ഥരിൽ പലരും ശ്രമിച്ചതായി സൂചനകൾ പുറത്തുവന്നിരുന്നു.

content highlights: Recommendation to return Sriram Venkataraman to service