കൊച്ചി മെട്രോയുടെ പ്രതിവർഷ സാമ്പത്തിക നഷ്ടത്തിൽ വൻ വർധനവ്. 2018-2019 വർഷത്തിൽ 281 കോടിയുടെ സാമ്പത്തിക നഷ്ടമാണ് കൊച്ചി മെട്രോയ്ക്ക് ഉണ്ടായിരിക്കുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആണ് വിവരം പുറത്തു വിട്ടത്. മുൻ വർഷത്തെക്കാൾ 114 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
മഹാരാജാസ് മുതൽ തൈക്കുടം വരെയുളള ഭാഗത്ത് യാത്രാ സർവീസ് തുടങ്ങുന്നതുമൂലം വരുമാനത്തിൽ വർധനവ് ഉണ്ടാക്കാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ കാര്യമായ ലാഭമൊന്നും ഈ സർവ്വീസിൽ നിന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് മെട്രോ ഉപയോഗപ്പെടുത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ 32 ശതമാനം വർധനവുണ്ട്.
ആലുവ മുതൽ മഹാരാജാസ് വരെയുള്ള ഭാഗത്തെ സർവീസിൽ മാത്രം പ്രതിദിനം 2.75 ലക്ഷം യാത്രക്കാർ ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ.എന്നാൽ ഉത്സവ സീസണിലും ആഴ്ചാവസാനവുമാണ് യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത്. ഈ ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം വരെ ഉണ്ടാകും.
നിലവിൽ കൊച്ചി മെട്രോയിലെ ദിവസ യാത്രക്കാരുടെ എണ്ണം ശരാശരി 68,000 ആണ്. ആഴ്ചാവസാനം 72,000 യാത്രക്കാർ മാത്രമാണ് മെട്രോ ഉപയോഗപ്പെടുത്തുന്നത്. കൊച്ചി മെട്രോ പദ്ധതി തുടങ്ങുന്നതിനായി ഫ്രഞ്ച് ഏജൻസിയിൽ നിന്നും 1500 കോടി രൂപയുടെ ലോണും ജില്ലാ സഹകരണ ബാങ്കിൽ നിന്നും കാനറാ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു. അടുത്ത മാസം മുതലാണ് ഈ ലോണുകളുടെയെല്ലാം തിരിച്ചടവ് തുടങ്ങുന്നത്.
പരസ്യം, വാടക ഇനങ്ങളിലായുളള വരുമാനത്തിൽ കൂടുതൽ വളർച്ച കൈവരിച്ചാൽ മാത്രമേ നഷ്ടത്തിന്റെ തോത് കുറയ്ക്കാനാവൂ.
content highlights: economic loss in Kochi metro service