സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ രൂക്ഷ ആരോപണവുമായി ആശ്രമ ജീവിതത്തിനിടയില്‍ മരിച്ച യുവതിയുടെ അമ്മ. ആശ്രമത്തിലെ രഹസ്യങ്ങള്‍ പുറത്ത് വരാതിരിക്കാനായി നിത്യാനന്ദ മകളെ കൊലപ്പെടുത്തിയെന്നാണ് തിരുച്ചിറപ്പള്ളി സ്വദേശി ഝാന്‍സി റാണി ആരോപിക്കുന്നത്. കൊലപാതക വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനായി മകളുടെ തലച്ചോര്‍ അടക്കമുള്ള ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത ശരീരമാണ് വീട്ടുകാര്‍ക്ക് വിട്ടുതന്നതെന്നും ഝാന്‍സി റാണി ആരോപിക്കുന്നു. ആത്മീയ കാര്യങ്ങളില്‍ താല്പര്യമുണ്ടായിരുന്ന മകളെ കുടുംബമായി ആരാധിച്ചിരുന്ന ആള് ദൈവത്തിന്റെ ആശ്രമത്തിൽ ആക്കുകയായിരുന്നു. എന്നാല്‍ രണ്ട് ദിവസം ആശ്രമത്തില്‍ നിക്കാന്‍ പോയ മകള്‍ ഒരാഴ്ച പിന്നിട്ടിട്ടും മടങ്ങിയെത്തിയില്ല.
ആശ്രമത്തിലെത്തി മകളെ വീട്ടിലേക്ക് വിളിച്ച അമ്മയോട് ഇവിടെ തനിക്ക് ശാന്തിയുണ്ട് കുറച്ച് ദിവസങ്ങള്‍ നില്‍ക്കട്ടെയെന്നാണ് മകള്‍ സംഗീത പറഞ്ഞത്. ബിരുദധാരിയായ മകളെ നിരന്തരമായി വീട്ടിലേക്ക് വിളിച്ചിട്ടും വരാന്‍ കൂട്ടാക്കിയില്ല. ആറുമാസങ്ങള്‍ക്ക് ശേഷം ആശ്രമത്തിലെത്തി മകളെ കൂട്ടി മടങ്ങിയേ അടങ്ങൂവെന്ന തീരുമാനവുമായെത്തിയ ഝാന്‍സി റാണി കാവിയണിഞ്ഞ മകളെ കണ്ട് അമ്പരന്നു. മൂന്ന് പെണ്മക്കളില് ഒരുകുട്ടി മരിച്ച് പോവുകയും ഇളയ കുട്ടി ഭിന്നശേഷിക്കാരിയും ആയിരുന്നു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന മകളെ കാവിയണിഞ്ഞ് കാണാൻ താൽപര്യമില്ലെന്ന് അവര്‍ നിത്യാനന്ദയോട് പറഞ്ഞു. കുറച്ച് നാള് കൂടി എന്ന് പറഞ്ഞ് ആ ആവശ്യം നിത്യാനന്ദ നിരാകരിച്ച ശേഷം തങ്ങളുടെ മുന്നില്‍ വച്ച് രക്ഷിതാക്കള്‍ക്ക് ബലി കൂടി ഇടാന്‍ നിത്യാനന്ദ മകളോട് നിര്‍ദേശിക്കുകയായിരുന്നെന്നും അവർ പറഞ്ഞു. ആശ്രമത്തില്‍ തനിക്ക് സന്തോഷമാണെന്നും മകള്‍ നിരന്തരം പറഞ്ഞതോടെ ഝാന്‍സി റാണിയും താല്‍ക്കാലികമായി മകളുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു. ഒരിക്കല്‍ ആശ്രമത്തിലെത്തിയ ഝാന്‍സി റാണി ഒരു ആണ്‍കുട്ടിയെ കുറേയാളുകള്‍ ചേര്‍ന്ന് മര്‍ദിക്കുന്നത് കാണുകയും അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ തൻ്റെ മകൾക്കും ഇത്തരത്തിൽ മർദ്ദനം ഏൽക്കാറുണ്ടെന്ന് അറിയുകയും ചെയ്തു.
പിന്നീട് ആശ്രമം മതി വീട്ടിലേക്ക് മടങ്ങാം എന്ന് തീര്‍ത്ത് പറഞ്ഞ ഝാന്‍സി റാണിയോട് പിന്നീട് സംസാരിച്ചത് നിത്യാനന്ദ ആയിരുന്നു. മകളെ വിട്ടയക്കാന്‍ പറ്റില്ലെന്നും, അവള് ഗുതരുതരമായ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നും നിത്യാനന്ദ പറഞ്ഞു. മകളെ തിരികെ കിട്ടാന്‍ മറ്റ് വഴികള്‍ നോക്കേണ്ടി വരുമെന്ന് മനസ്സിലാക്കി വീട്ടിലേക്ക് മടങ്ങിയ ഝാന്‍സിക്ക് മകളുടെ മരണ വാർത്തയാണ് പിന്നീട് അറിയാൻ സാധിച്ചത്. ജീവനോടെ മകളെ വീട്ടിലെക്കെത്തിക്കാൻ സാധിക്കാത്തതിനാൽ മരണ ശേഷം മകളെ വീട്ടിലെത്തിക്കണമെന്ന് ഝാന്‍സി റാണി ശാഠ്യം പിടിക്കുകയും ഏറെ വാക്കു തർക്കത്തിന് ശേഷം ആശ്രമം അതിന് വഴങ്ങുകയായിരുന്നു. മരണത്തിൽ വിശ്വാസം വരാത്തതിനാൽ വീണ്ടും പോസ്റ്റുമാർട്ടം ചെയ്തു. റീ പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്ന് മകളുടെ ശരീരത്തില്‍ ആന്തരാവയവങ്ങളും തലച്ചോറും നീക്കം ചെയ്തെന്ന് വ്യക്തമായി. മരണ കാരണമെന്തെന്ന് ഇന്നും വ്യക്തമല്ല. എന്നാല്‍ 2014 മുതല്‍ മകള്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണ് ഝാന്‍സി റാണി. പൊതുജന മധ്യത്തില്‍ വന്ന് ഝാന്‍സി റാണി ചോദിച്ച ഒരു ചോദ്യത്തിന് പോലും ഈ കാലത്തിനുള്ളില്‍ നിത്യാനന്ദ മറുപടി നൽകിയിട്ടില്ല. പഠിച്ചവരും, മിടുക്കരുമായിട്ടുള്ള പെണ്‍കുട്ടികളെയാണ് നിത്യാനന്ദ ലക്ഷ്യമിട്ടിരുന്നതെന്നും ഝാന്‍സി റാണി കൂട്ടിച്ചേര്‍ക്കുന്നു.
Content Highlights: mother make severe revelation against self-declared godman Nithyananda about the unnatural death of her daughter