രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഷര്‍ജീല്‍ ഇമാമിനെതിരെയുള്ള നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കേന്ദ്രത്തെയും പിന്തുണച്ച് മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേന രംഗത്ത്. ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’യിലാണ് അമിത് ഷായെയും കേന്ദ്രത്തെയും പിന്തുണച്ചു കൊണ്ടുള്ള മുഖപ്രസംഗം വന്നത്. ഷര്‍ജീലിനെ ‘കീടം’ എന്നാണു ശിവസേന മുഖ പ്രസംഗത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഷര്‍ജീലിനെ പോലുള്ള ‘കീടങ്ങളെ’ ഉടന്‍ തന്നെ ഇല്ലായ്മ ചെയ്യണമെന്നും രാജ്യത്തെ ‘വിഘടിക്കാന്‍’ ശ്രമിക്കുന്ന അയാളുടെ കൈകള്‍ വെട്ടിയെടുത്ത ശേഷം അത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ഹൈവേകളില്‍ പ്രദര്‍ശിപ്പിക്കണമെന്നുമാണ് ശിവസേന മുഖപ്രസംഗത്തിലൂടെ പറയുന്നത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ഇടനാഴിയെ സൂചിപ്പിക്കുന്നതിനായി ഷര്‍ജീല്‍ തന്നെ ഉപയോഗിച്ച വാക്കായ ‘കോഴി കഴുത്ത്’ എന്ന പദവും ശിവസേന മുഖ പ്രസംഗത്തില്‍ ഉപയോഗിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി അസമിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമുള്ള റോഡുകള്‍ തടസപ്പെടുത്താന്‍ ഷര്‍ജീല്‍ അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. രാജ്യമാകെ സമാധാനപരമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര പ്രക്ഷോഭങ്ങള്‍ നടക്കുന്ന വേളയിലാണ് അതിന് ആഘാതമേല്‍പ്പിച്ചുകൊണ്ട് ഷര്‍ജീല്‍ രംഗത്തെത്തുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി.
രാജ്യത്ത് വര്‍ഗ ചേരിതിരിവുകള്‍ സൃഷ്ടിക്കാനും, അവസാനമില്ലാത്ത കലാപം സൃഷ്ടിക്കാനും, ആഭ്യന്തര യുദ്ധം സൃഷ്ടിക്കാനുമുള്ള ഗൂഡാലോചനകള്‍ രാഷ്ട്രീയ പരീക്ഷണ ശാലയില്‍ നടക്കുകയാണെന്നും, രാജ്യത്തിൻ്റെ സാമൂഹിക, മത ഐക്യം നഷ്ടമായി കൊണ്ടിരിക്കുകയാണെന്നും ശിവസേന പറഞ്ഞു. ഷര്‍ജീലിൻ്റെ പ്രസ്താവന തീവ്ര വികാരമുണര്‍ത്തുന്നവ മാത്രമല്ലെന്നും രാജ്യത്തിനെതിരെയുള്ളതാണ് അവയെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു. ഒരു ഷര്‍ജീലിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഭാവിയില്‍ ഇത്തരം ഷര്‍ജീലുമാര്‍ ഉണ്ടാകാതെ നോക്കേണ്ടത് സര്‍ക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും ശിവസേന വ്യക്തമാക്കി.
Content Highlights: shivasena supports Amit shah on shajeel imam issue