കേന്ദ്രസർക്കാർ പാർലമെൻ്റിൽ പാസാക്കി നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി രാജ്യത്തിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലും അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പാകിസ്ഥാനിൽ നിന്നും ഹിന്ദു കുടുംബങ്ങളുടെ ഒഴുക്കാണ് സമീപ ദിവസങ്ങളിലായി നടക്കുന്നത്. തിങ്കളാഴ്ച മാത്രം അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത് 200 ഓളം പാകിസ്താനി ഹിന്ദുക്കളാണ്. സന്ദര്‍ശക വിസയിലാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ പൗരത്വ നിയമത്തില്‍ ഭേദഗതി നടപ്പിലാക്കിയതിന് പിന്നാലെയാണ് പാകിസ്താനി ഹിന്ദുക്കള്‍ ഇന്ത്യയിലെത്തുന്നത് വര്‍ധിച്ചത്. ഇന്ത്യയില്‍ പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ എത്തുന്നത്.
പാകിസ്ഥാനിലെ സിന്ധ് കറാച്ചി മേഖലകളിൽ നിന്നുമാണ് കൂടുതൽ പേരും ഇന്ത്യയിലേക്ക് എത്തുന്നത്. വലിയ ലഗേജുകളുമായിട്ടാണ് ഇവരില്‍ പലരും എത്തിയിരിക്കുന്നത്. ഹരിദ്വാറില്‍ സന്ദര്‍ശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനും എന്ന പേരില്‍ ഇവിടെ എത്തിയ ഇവരുടെ പ്രധാന ലക്ഷ്യം ഇന്ത്യന്‍ പൗരത്വമാണെന്നാണ് മനസിലാകുന്നത്. പുതിയ പൗരത്വ നിയമ ഭേദഗതിയെ പാകിസ്താനിലും അഫ്ഗാനിസ്താനിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് സംഘത്തിലുളള ഒരു പാക് പൗരന്‍ പറഞ്ഞു.
ന്യൂനപക്ഷമായ തങ്ങൾ നിരവധി ചൂഷണങ്ങൾക്ക് വിധേയരാകുന്നതായും, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന അന്യമതസ്ഥരുടെ ചൂഷണങ്ങളിൽ സഹികെട്ടാണ് ജീവിക്കുന്നതെന്നും അവർ വെളിപ്പെടുത്തുന്നു. പാകിസ്ഥാനിലെ അരക്ഷിതാവസ്ഥയും സുരക്ഷിതത്വമില്ലായ്മയിലും ഭീതിയോടെയാണ് പെൺമക്കളുമായി ജീവിക്കുന്നതെന്നാണ് ഒരു പാക് ഹിന്ദു വെളിപ്പെടുത്തിയത്. അക്രമികൾക്കെതിരെ പരാതിപ്പെടുവാൻ കൂടി സാധിക്കുന്നില്ല. പൗരത്വ നിയമ ഭേദഗതിയെ ഹിന്ദുക്കളും സിഖുകാരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Content Highlights; pakistani hindus cross attari wagah border