മാസം അയ്യായിരം വരുമാനത്തിൽ കുറവുള്ള ദാരിദ്ര രേഖക്ക് താഴെയുള്ള 797 ആളുകൾക്ക് അമരാവതിയിൽ കോടികൾ മുടക്കി സ്ഥലങ്ങൾ വാങ്ങിയതായി കണ്ടെത്തി. സംസ്ഥാന കുറ്റാന്വേഷണ വിഭാഗമാണ് (സിഐഡി) വിവരം പുറത്ത് വിട്ടത്. തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിൻറെ കീഴിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.
സ്വന്തമായി പാൻ കാർഡ് പോലുമില്ലാത്തവർ പോലും കോടികൾ ചിലവഴിച്ച് സ്ഥലം വാങ്ങിയതായി സിഐഡി അഡീഷണൽ ഡയറക്ടർ ജനറൽ പിവി സുനിൽ കുമാർ കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷമായി നടത്തിയ സംശയാസ്പദമായ പണമിടപാടുകളെക്കുറിച്ച് ആദായ നികുതി വകുപ്പ് കമ്മീഷണർക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തു. അമരാവതിയിൽ സ്ഥലം വാങ്ങിയവരുടെ പേര് വിവരങ്ങൾ, സ്ഥലത്തെ സംബദ്ധിച്ച വിവരങ്ങൾ, ഓപ്പൺ മാർക്കറ്റ് മൂല്യം തുടങ്ങിയവ സംബദ്ധിച്ച വിവരങ്ങൾ കെെമാറിയിട്ടുണ്ട്.
അമരാവതിയിൽ റിയൽ എസ്റ്റേറ്റ് വ്യാപാരം നടക്കുന്നതുമായി ബദ്ധപ്പെട്ട് വെെഎസ്ആർ കോൺഗ്രസ് നേരത്തെ തന്നെ അന്വേഷണത്തിന് തുടക്കമിട്ടിരുന്നു. 2014 ൽ തെലുങ്ക് ദേശം പാർട്ടി പ്രവർത്തകർ 4000 ഏക്കർ സ്ഥലം അമരാവതിയിൽ വാങ്ങിയതിൻറെ തെളിവുകൾ തങ്ങളുടെ കെെയ്യിൽ ഉള്ളതായി ധനമന്ത്രി ബുഗാന രാജേന്ദ്രനാഥ് റെഡ്ഡി അമരാവതി തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് സഭയിൽ അറിയിച്ചിരുന്നു. മുൻ മന്ത്രിമാരായ പ്രതിപ്പട്ടി പുള്ളാരാവൂവിനെതിരേയും പി നാരായണനെതിരെയും കേസ് ഫയൽ ചെയ്തിട്ടുമുള്ളതാണ്.
content highlights: nearly 800 below poverty line spent crores on amaravati land


