സ്ഥലം വില്‍പ്പനയിലും ജാതി വേർതിരിവ് 

caste differentiation in a newspaper advertisement about land for sale

വിവാഹ പരസ്യങ്ങളില്‍ മാത്രമല്ല, സ്ഥലം വില്‍പ്പന പരസ്യങ്ങളിലും ജാതി പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു. ദീപിക പത്രത്തിലാണ് എസ് സി/ എസ് ടി വിഭാഗത്തിലുള്ളവര്‍ക്ക് അനുയോജ്യമായ സ്ഥലം എന്ന പേരില്‍ പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൊടുപുഴയിലെ മണിയന്ത്രം എന്ന പ്രദേശത്തുള്ള സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട പരസ്യമാണിത്.   

1984 ൽ സെറ്റില്‍മെന്റ് എന്ന നിലക്കാണ് സര്‍ക്കാര്‍ തൊടുപുഴയിലെ മണിയന്ത്രത്ത് രണ്ടേക്കർ സ്ഥലം പതിച്ച് കൊടുക്കുന്നത്. അന്ന് എസ് സി/എസ് ടിക്ക് മാത്രമെ സ്ഥലം കൊടുക്കാവൂ എന്ന വ്യവസ്ഥ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മറ്റു സമുദായക്കാർ വന്ന് സ്ഥലം മേടിക്കാൻ തുടങ്ങി. തുടർന്ന് എസ് സി /എസ് ടിക്കാരുടെ സ്ഥലങ്ങളെല്ലാം വിറ്റുപോവുകയാണ് എന്നൊരു പരാതി ഉണ്ടായി. പതിച്ചു നല്‍കിയ ഭൂമിയാണ് പ്രസ്തുത സ്ഥലം എന്നതിനാൽ, ദളിത് വിഭാഗങ്ങള്‍ക്ക് സ്ഥലം നല്‍കിയാല്‍ അവര്‍ വിറ്റു നശിപ്പിക്കും എന്ന കാരണത്താൽ എറണാകുളം കളക്ടർ എസ് സി/എസ് ടി വിഭാഗത്തിൽ പെട്ടവർക്കല്ലാതെ സ്ഥലം വിൽക്കാനോ വാങ്ങാനോ പാടില്ല എന്നൊരു ഉത്തരവ് ഇറക്കി. ഈ വ്യവസ്ഥ പത്തു വർഷത്തേക്ക് മാത്രം നിലനിൽക്കുന്നതായിരുന്നു. എന്നാൽ പത്തു വർഷത്തിന് ശേഷവും പ്രത്യേക ഉത്തരവൊന്നും ഉണ്ടാവാത്തത് കൊണ്ട് തന്നെ ജാതി അടിസ്ഥാനത്തിൽ മാത്രമേ ഇപ്പോഴും സ്ഥലം വാങ്ങാനും വിൽക്കാനും സാധിക്കുകയുള്ളു. 

ഈ സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ രണ്ട് ലക്ഷം രൂപയിൽ അധികമാണ് സെൻറിന് വാങ്ങിക്കുന്നത്. എസ് സി/എസ് എടിക്ക് മാത്രമെ വിൽക്കാൻ  കഴിയുകയുള്ളു എന്ന കാരണം കൊണ്ട് തന്നെ ലക്ഷങ്ങള്‍ വില മതിക്കുന്ന ഭൂമി തുച്ഛമായ വിലക്ക് വില്‍ക്കാൻ നിർബന്ധിതരാവുകയാണ് സ്ഥലഉടമകൾ. സ്ഥലം വില്‍പ്പന പരസ്യങ്ങളില്‍ ജാതി പ്രത്യക്ഷപ്പെട്ടത് പലരിലും അമ്പരപ്പും അമര്‍ഷവും ഉണ്ടാക്കിയിട്ടുണ്ട്. 

content highlights: caste differentiation in a newspaper advertisement about land for sale