ദില്ലി ഗാർഗി കോളേജിലെ ലെെംഗിക അതിക്രമത്തിനെതിരെ പോലീസ് കേസെടുത്തു; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

delhi gargi college molestation

ഗാര്‍ഗി വിമന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാജ്യസഭയിലും ലോക്സഭയിലും സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. കോളേജ് അധികൃതരുടെ കെെയ്യിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഐപിസി സെഷൻ 452, 354, 509, 34 എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

ദില്ലി ഗാർഗി കോളേജിൽ കോളേജ് ഫെസ്റ്റിവലിനിടയിൽ മദ്യപിച്ചെത്തിയ ഒരു സംഘം പുരുഷന്മാര്‍ കോളേജ് ഗേറ്റിനടുത്തെത്തി വിദ്യാര്‍ത്ഥിനികളെ തടയുകയും തുടര്‍ന്ന് ക്യാമ്പസിൽ കടന്ന് പെണ്‍കുട്ടികളെ ആക്രമിക്കുകയും ചെയ്തതാണ് സംഭവം. സംഭവത്തിന് പിന്നാലെ കുറച്ച് കുട്ടികൾ തങ്ങൾക്കുണ്ടായ ദുരനുഭവത്തിൻറെ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചതിലൂടെയാണ് പുറംലോകം സംഭവം അറിയുന്നത്. 

തുടർന്ന് പല ഭാഗത്തുനിന്നും പ്രതിഷേധം ഉണ്ടായി. ലോക്സഭയിൽ കോൺഗ്രസും രാജ്യസഭയിൽ എഎപിയും വിഷയം ഉന്നയിച്ചു. ദില്ലി പോലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി ദില്ലി വനിതാ കമ്മിഷനും രംഗത്തെത്തി. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ പാർലമെന്റിൽ ഉറപ്പും നൽകി.

പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെയാണ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. കോളേജിന് മുന്നിൽ നൂറിലധികം വിദ്യാർത്ഥികൾ ഇപ്പോഴും പ്രതിഷേധിക്കുന്നുണ്ട്. സംഭവത്തിൽ കോളേജ് മാനേജ്മെൻറിൻറെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധം. കോളേജ് ഫെസ്റ്റിൻറെ സമയങ്ങളിൽ ഇതിന് മുമ്പും ഇത്തരത്തിലുള്ള ലെെംഗിക ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. പോലീസ് കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. 

content highlights: Delhi College molestation: Students hold protest, police register FIR